Listen live radio

വിദ്യാർത്ഥികൾ കരുതലോടെ ക്യാമ്പസിലേക്ക്; ക്ലാസുകൾ ഇന്ന് ആരംഭിക്കും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

after post image
0

- Advertisement -

 

 

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് അടിച്ചിട്ട സംസ്ഥാനത്തെ കോളേജുകളിൽ ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുകയാണ്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളാണ് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുക. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പി ജി ക്ലാസുകളും ഇന്ന് മുതൽ പ്രവർത്തിക്കാം.

പി ജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്ന് സർക്കാർ നേരത്തെ ഉത്തരവിലൂടെ അറിയിച്ചിരുന്നു. അതേസമയം, കോളേജുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും നമ്മൾ പൂർണമായി കോവിഡിൽ നിന്നും മുക്തരല്ല. വളരെ പോസിറ്റീവായി എല്ലാവരും കലാലയങ്ങളിലേക്ക് പോകുമ്പോൾ കോവിഡ് പോരാട്ടത്തിൽ പഠിച്ച പാഠങ്ങൾ ആരും മറക്കരുത്. കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

# എല്ലാ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. കോവിഡ് ഡെൽറ്റ വകഭേദം നിലനിൽക്കുന്നതിനാൽ ഡബിൾ മാസ്‌ക് അല്ലെങ്കിൽ എൻ 95 മാസ്‌കാണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

# യാത്രകളിലും ക്ലാസുകളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തുന്നെങ്കിൽ മാസ്‌ക് വച്ച് സംസാരിക്കാൻ അഭ്യർത്ഥിക്കുക.

# എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്. കൂട്ടംകൂടി നിൽക്കരുത്.

# കൈകൾ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്.

# അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

# യാതൊരു കാരണവശാലും പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ, കുടിവെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല.

# ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

# പനി , ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ ഒരു കാരണവശാലും കോളേജിൽ പോകരുത്.

# കോവിഡ് സമ്പർക്ക പട്ടികയിലുള്ളവർ ക്വാറന്റൈൻ മാർഗനിർദ്ദേശങ്ങൾ പാലിക്കണം.

# ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർത്ഥികൾ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല.

# കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

# ഉപയോഗശേഷം മാസ്‌കുകൾ, കൈയുറകൾ, ഭക്ഷണപദാർത്ഥങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല.

# ടോയ്‌ലറ്റുകളിൽ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

# ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

# വീട്ടിലെത്തിയ ഉടൻ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

# അധ്യാപകർക്കോ, വിദ്യാർത്ഥികൾക്കോ, രക്ഷിതാക്കൾക്കോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ 104 , 1056 , 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

Leave A Reply

Your email address will not be published.