Listen live radio

നരഭോജി കടുവയ്ക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു : കടുവയെ കണ്ടെത്തി, പക്ഷേ പിടികൂടാനായില്ല

after post image
0

- Advertisement -

 

ഗൂഡല്ലൂർ: നരഭോജി കടുവയ്ക്കുവേണ്ടി ഇന്നലെ നടത്തിയ തിരച്ചിലിൽ വൈകിട്ടോടെ മസിനഗുഡിക്കടുത്ത് സിങ്കാര റോഡിലെ വനത്തിൽ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. കനത്ത മഴയെ തുടർന്ന് സംഘത്തിന് വനത്തിൽ പ്രവേശിക്കാനാകാത്തതാണ് കാരണം. രാവിലെ മുതൽ നേരത്തെ കടുവയെ കണ്ടെത്തിയ മസിനഗുഡി ചെക്ക് പോസ്റ്റിന് സമീപത്തായി തിരച്ചിൽ നടത്തുകയായിരുന്നു.

ഉച്ചയ്ക്കു ശേഷം സത്യമംഗലത്ത് നിന്നുള്ള ഡോഗ് സ്‌ക്വാഡിലെ ജാക്കിയാണ് കടുവയുടെ സാന്നിധ്യം അറിയിച്ചത്. തുടർന്നുള്ള തിരച്ചിലിൽ വൈകീട്ടോടെ കടുവയെ സംഘം കണ്ടെത്തി. തുടർന്ന് ഈ ഭാഗത്ത് ക്യാമറകൾ സ്ഥാപിച്ചു. മസിനഗുഡി, ഗൂഡല്ലൂർ ഭാഗത്തായി 4 പേരെയാണ് കടുവ കൊന്നത്. 11 ദിവസമായി നടത്തിയ ദൗത്യം ഇന്നലെയും പരാജയപ്പെട്ടു. 9 ദിവസമായി കടുവയുടെ പുറകെ ഉണ്ടായിരുന്ന വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമസേന ഇന്നലെ വിശ്രമത്തിലായിരുന്നു.

വനം വകുപ്പിന്റെ നേതൃത്വത്തിൽ 200 ജീവനക്കാർ വിശ്രമമില്ലാതെ കടുവയെ പിടികൂടാനുള്ള ദൗത്യത്തിലാണ്. ഇതിനു പുറമെ നക്‌സൽ വിരുദ്ധ സേന, സ്‌ട്രൈക്കിങ് ഫോഴ്‌സ്, പൊലീസ്, എൻജിഒ പ്രവർത്തകരും പ്രവർത്തിക്കുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനായി 3 ടീം പ്രവർത്തിക്കുന്നുണ്ട്. തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ് കടുവയെ തിരയുന്ന സംഘത്തിന് നേതൃത്വം നൽകി വൈകുന്നേരം വരെ തിരച്ചിൽ നടത്തി. തെപ്പകാട് നിന്നുള്ള താപ്പാനകളായ കൃഷ്ണനും ഉദയനും തിരച്ചിൽ സംഘത്തിനൊപ്പമുണ്ട്.

 

Leave A Reply

Your email address will not be published.