Listen live radio

കേന്ദ്രമന്ത്രിക്കെതിരെ നടപടിയെടുത്ത് യോഗി; പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കി പ്രിയങ്ക

after post image
0

- Advertisement -

 

 

ലഖിംപൂരിൽ നാല് കർഷകർ മരിക്കാനിടയായ സംഭവത്തിൽ മുഖം നോക്കാതെ നടപടികളെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകും. കർഷക സമരത്തോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജി കേസന്വേഷിക്കും. കർഷകരുടെ ഭാഗത്ത് നിന്നാണ് ആദ്യം അക്രമമുണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. ചില ഗുണ്ടാസംഘങ്ങൾ അക്രമത്തിന് തുടക്കമിട്ടുവെന്നാണ് ആരോപണമുയരുന്നത്. എന്തായാലും റിട്ട. ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനമെടുക്കും.

വാർത്താസമ്മേളനത്തിൽ യോഗിയ്‌ക്കൊപ്പം കർഷകസംഘടനയായ ബികെയു നേതാവ് രാകേഷ് ടികായത്തും പങ്കെടുത്തു. കർഷകരുമായി സമവായത്തിലെത്തിയതിന് ശേഷം മരിച്ച കർഷകരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. കേന്ദ്രമന്ത്രിയായ ആശിഷ് മിശ്രയ്ക്കും മകനും എതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ലഖിംപൂർ അതിക്രമത്തിൽ നിന്നും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മരിച്ച കർഷകരുടെ കുടുംബം സന്ദർശിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. എന്നാൽ ഇവരെ ജില്ലയിലേക്ക് കടത്തിവിടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാർ അറിയിച്ചു.

അതേ സമയം കാർഷിക യുണിയനുകളുടെ നേതാക്കളെ സന്ദർശിക്കാൻ അനുവദിച്ചിട്ടുണ്ട്. കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി അജയ് മിശ്ര രംഗത്തെത്തി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കർഷകർക്കിടയിലേക്ക് വാഹനം കയറ്റിയതെന്ന് കർഷക സംഘടനകൾ ആരോപിക്കുകയും അപകടത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറുകയും ചെയ്യുന്നതിനിടെയാണ് അജയ് മിശ്രയുടെ പുതിയ പരാമർശം. തന്റെ മകൻ ആശിഷ് മിശ്ര സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്ര ടെനിയുടെ നിലപാട്. മകനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സംഭവം നടക്കുമ്പോൾ മകൻ അവിടെ ഉണ്ടായിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നു.

കർഷരാണ് ആക്രമണത്തിന് മുതിർന്നത് എന്നാണ് മന്ത്രിയുടെ നിലപാട്. ബിജെപി പ്രവർത്തകരെ കർഷകർ വടികളും വാളുകളും ഉപയോഗിച്ച് ആക്രമിക്കുകയും വകവരുത്തുകയുമായിരുന്നു. പുറത്ത് വന്ന വീഡിയോകളിൽ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദം കേൾക്കാം. സംഭവത്തിൽ സിബിഐ, എസ്‌ഐടി അല്ലെങ്കിൽ സിറ്റിങ്/റിട്ടയേർഡ് ജഡ്ജി അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. സംഭവത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നൽകണമെന്നും അജയ് മിശ്ര ടെനി ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ചിനിടെ വാഹനം കയറി മരിച്ച കർഷകരുടെ കുടുംബത്തെ കാണാൻ പോയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ സീതാപൂരിൽ വെച്ച് കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വൻ പൊലീസ് സന്നാഹത്തെയാണ് പ്രിയങ്കയെയും സംഘത്തെയും തടയാൻ വിന്യസിച്ചത്.

പ്രിയങ്കയുടെ ചുറ്റും വളഞ്ഞ പൊലീസുകാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും പ്രിയങ്ക പിൻമാറാൻ തയ്യാറായില്ല. വാറണ്ട് ഇല്ലാതെ എന്നെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് അധികാരമില്ലെന്നാണ് പ്രിയങ്ക പ്രതികരിച്ചത്. അറസ്റ്റിന് പിന്നാലെ പ്രിയങ്കാ ഗാന്ധി പൊലീസ് ഗസ്റ്റ് ഹൗസ് വൃത്തിയാക്കി. ഉത്തർപ്രദേശിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. ഇവിടം വൃത്തിയാക്കുന്ന പ്രിയങ്കാഗാന്ധിയുടെ വീഡിയോ ഇന്ത്യൻ എക്‌സ്പ്രസാണ് ട്വീറ്റ് ചെയ്തത്. നിരാഹര പ്രതിഷേധത്തിനിടെയാണ് പ്രിയങ്ക ഗസ്റ്റ് ഹൗസ് വൃത്തിയാക്കിയത്. യുപി ലഖിംപൂരിൽ പ്രതിഷേധ മാർച്ചിനിടെ വാഹനം കയറി മരിച്ച കർഷകരുടെ കുടുംബത്തെ കാണാൻ പോയ പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

Leave A Reply

Your email address will not be published.