Listen live radio

എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം

after post image
0

- Advertisement -

 

കൊച്ചി: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്.

യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കാൻ വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു തിരിച്ചുവിട്ടതിനെ തുടർന്ന് 6 മണിക്കൂർ വൈകിയാണു കൊച്ചിയിലെത്തിയത്. മരിയ ഫിലിപ്പും ആൺകുഞ്ഞും ഫ്രാങ്ക്ഫർട്ടിലെ ആശുപത്രിയിലാണ്. ഇന്ത്യൻ സമയം രാത്രി 7 മണിയോടെയാണു പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അൽപ സമയത്തിനുള്ളിൽ യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു. കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്‌സുമാരും സഹായിക്കാനെത്തി.

വിമാനത്തിലെ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഗാലി താൽക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യൻസ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തിൽ ആശ്രയമായത്. 7 മാസം ഗർഭകാലമായപ്പോഴായിരുന്നു പ്രസവം. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെങ്കിലും 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കൽ സഹായം അത്യാവശ്യമാണെന്നു ഡോക്ടർമാർ നിർദേശിച്ചു. വിമാനമപ്പോൾ കരിങ്കടലിനു കുറുകെ ബൾഗേറിയൻ വ്യോമപാതയിലൂടെ സഞ്ചരിക്കുകയായിരുന്നു.

ഷോമ സൂർ, ആർ.നാരംഗം എന്നീ പൈലറ്റുമാരും സെയ്ഫ് ടിൻവാല എന്ന ഫസ്റ്റ് ഓഫിസറും ചേർന്നായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത് . ഇവർ എയർ ഇന്ത്യയുടെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് വിമാനം ഏറ്റവുമടുത്ത ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്കു തിരിച്ചുവിടാൻ അനുമതി നേടി. 2 മണിക്കൂർ പറക്കലാണു ഫ്രാങ്ക്ഫർട്ടിലേക്കുണ്ടായിരുന്നത്. രാത്രി 11നു വിമാനം ഫ്രാങ്ക്ഫർട്ടിലിറങ്ങി.

വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു അടിയന്തര മെഡിക്കൽ സഹായം ഉറപ്പാക്കിയിരുന്നു. ഇറങ്ങിയ ഉടൻ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തിൽ നിന്നിറക്കി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. പുലർച്ചെ ഫ്രാങ്ക്ഫർട്ടിൽ നിന്നു പുറപ്പെട്ട വിമാനം രാവിലെ 9.45നു കൊച്ചിയിലിറങ്ങി. സാധാരണ പുലർച്ചെ 3.45നാണു കൊച്ചിയിലെത്തേണ്ടത്.

 

Leave A Reply

Your email address will not be published.