Listen live radio

കോവിഡ് 19:ജില്ലയില്‍ 1278 പേര്‍ കൂടി നിരീക്ഷണത്തില്‍;ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ നടന്നുവരുന്നതായി ജില്ലാ കളക്ടര്‍

after post image
0

- Advertisement -

 
ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 29) 1278 ആളുകള്‍ കൂടി നിരീക്ഷണത്തില്‍ ആയതോടെ ആകെ 6748 പേര്‍  നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ എട്ട് പേര്‍ ആശുപത്രിയിലും  ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ജില്ലയില്‍ നിന്നും ഇന്നലെ സാംപിളുകള്‍  ഒന്നും തന്നെ പരിശോധനയ്ക്കായി അയച്ചിട്ടില്ല. ഇതുവരെ അയച്ച 67 സാമ്പിളുകളില്‍ 52 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 51 എണ്ണവും നെഗറ്റീവും ഒന്ന് പോസിറ്റീവുമാണ്. 15  എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍  579 വാഹനങ്ങളിലായി എത്തിയ 850 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
കോവിഡ് 19 രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജില്ലയില്‍ ആരോഗ്യ മേഖലയിലും മറ്റ് അനുബന്ധ മേഖലകളിലും ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ നടന്നുവരുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ആരോഗ്യ രംഗത്തെ ജില്ലയുടെ പരിമിതികള്‍ മറി കടക്കുന്നതിനായി ഉന്നത നിലവാരമുള്ള ജില്ലയിലെ ഏക മെഡിക്കല്‍ കോളജ് ആശുപത്രിയായ മേപ്പാടി വിംസിനെ ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്.  കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കാന്‍ വേണ്ടിയാണ് ഈ നടപടി.  നിലവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയാണ് കോവിഡ് ചികിത്സാ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.  ഇതിന്റെ ഫലമായി മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സ മുടങ്ങുന്ന സാഹചര്യം മുന്നില്‍ കണ്ട് മൂന്ന് സ്വകാര്യ ആശുപത്രികളും രണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും മാനന്തവാടി ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളായി ഏറ്റെടുത്തിട്ടുണ്ട്.  ചികിത്സാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ ആരോഗ്യ രംഗം തൃപ്തികരമായാണ് പ്രവര്‍ത്തിച്ചുവരുന്നത്.  ഡോക്ടര്‍മാര്‍ക്കും നഴസ്മാര്‍ക്കും ആവശ്യമായ പി.പി.കിറ്റ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.  ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം പ്രത്യേകം തയ്യാറാക്കുന്നുണ്ട്.
ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ ഓരോ പ്രദേശത്തും കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്താനുള്ള ചുമതല അതാതിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.  ഭക്ഷണം നല്‍കുന്നതിനായി വീടുകളില്‍ കയറിയിറങ്ങുന്ന പ്രവണത അനുവദനീയമല്ല.  ചില വളണ്ടിയര്‍ സംഘങ്ങള്‍ ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളിലേക്കും ഉള്ള ചരക്ക് ഗതാഗതത്തിനായി പാസ് അനുവദിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.  മുത്തങ്ങ വഴി കര്‍ണ്ണാടകയിലേക്ക് 65 ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് 30 വാഹനങ്ങളും കടത്തി വിടുകയുണ്ടായി.

Leave A Reply

Your email address will not be published.