Listen live radio

ക്യാമ്ബിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ മാറ്റിപ്പാര്‍പ്പിക്കും; ക്യാമ്ബുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

after post image
0

- Advertisement -

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്ബുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്യാമ്ബുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരുമെല്ലാം കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

പുറത്ത് നിന്ന് വരുന്നവര്‍ ക്യാമ്ബിലെ അംഗങ്ങളുമായി സമ്ബര്‍ക്കം ഒഴിവാക്കണം. ക്യാമ്ബുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്ബുകളില്‍ ആന്റിജന്‍ പരിശോധന നടത്താന്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. പ്രായമായവരേയും കുട്ടികളേയും മറ്റ് അനുബന്ധ രോഗമുള്ളവരേയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ക്യാമ്ബുകളോടുമനുബന്ധിച്ച്‌ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തണം.

പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരും മറച്ച്‌ വയ്ക്കരുത്. ക്യാമ്ബിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ മാറ്റി പാര്‍പ്പിക്കുന്നതാണ്. ക്യാമ്ബിലെത്തി ഒരാള്‍ പോസിറ്റീവായാല്‍ അദ്ദേഹത്തിന്റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങള്‍ പ്രത്യേകം ക്വാറന്റൈനില്‍ കഴിയണം. ക്യാമ്ബുകളിലുള്ള എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. മാസ്‌ക് ഈ സമയത്ത് വളരെയേറെ സംരക്ഷണം നല്‍കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്‌ വൃത്തിയാക്കേണ്ടതാണ്. കൈ വൃത്തിയാക്കാതെ ഒരു കാരണവശാലും വായ്, മൂക്ക്, കണ്ണ് എന്നിവയില്‍ സ്പര്‍ശിക്കാന്‍ പാടില്ല.

ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്‌ക് മാറ്റി കൂട്ടത്തോടെയിരുന്ന് കഴിക്കരുത്. പല പ്രാവശ്യമായി അകലത്തിലിരുന്ന് ഭക്ഷണം കഴിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ സോപ്പ് ഉപയോഗിച്ച്‌ പതപ്പിച്ച്‌ കഴുകിയ ശേഷം ഉപയോഗിക്കുക.

കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗികള്‍ എന്നിവരുമായി ക്യാമ്ബിലുള്ള മറ്റുള്ളവര്‍ അടുത്ത് ഇടപഴകുന്നത് കഴിയുന്നതും ഒഴിവാക്കുക. ഇവരുമായി ഇടപഴകുമ്ബോള്‍ കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. കുട്ടികള്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ലാത്താതിനാല്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം. 2 വയസിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. വാക്‌സിന്‍ എടുക്കാത്തവര്‍ അധിക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കും. അവര്‍ക്ക് മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ എത്തിച്ച്‌ നല്‍കുന്നതാണ്. ഏതെങ്കിലും രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ അത് മുടക്കരുത്. എന്തെങ്കിലും ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവര്‍ ക്യാമ്ബ് അധികൃതരേയോ ആരോഗ്യ പ്രവര്‍ത്തകരേയോ വിവരം അറിയിക്കേണ്ടതാണ്. മാനസിക രോഗ വിദഗ്ധരുടേയും സേവനം ലഭ്യമാണ്. കനിവ് 108 ആംബുലന്‍സുകളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

മഴ തുടരുന്നതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. ക്യാമ്ബുകളുടെ പരിസരം കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മലിനജലവുമായി സമ്ബര്‍ക്കമുള്ളവര്‍ ഉറപ്പായും ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.