Listen live radio

പ്രാണനായിരുന്നു ആ ഓട്ടം; ഓർമകളുടെ പാലത്തിൽ അച്ഛന്റെ കൈപിടിച്ച് സൂരജ്

after post image
0

- Advertisement -

 

 

തൊടുപുഴ: പനിയായിരുന്നിട്ടും തക്കുടു (സൂരജ്) ചൊവ്വാഴ്ച രാവിലെതന്നെ അണക്കെട്ട് തുറക്കുന്നത് കാണാൻ അച്ഛന്റെ കൈപിടിച്ച് ചെറുതോണി പാലത്തിലെത്തി.

അണക്കെട്ടിനെക്കുറിച്ചും വെള്ളമൊഴുകുന്നതിനെക്കുറിച്ചും ആ ആറ് വയസ്സുകാരന്റെ ചോദ്യത്തിനെല്ലാം അച്ഛൻ വിജയരാജ് മറുപടി നൽകിക്കൊണ്ടിരുന്നു. 2018ലെ പ്രളയകാലത്ത് ഇടുക്കി ഡാം തുറന്നതിന്റെ രണ്ടാം ദിവസം വെള്ളം ആർത്തലച്ചൊഴുകുന്ന ചെറുതോണി പുഴക്ക് കുറുകെയുള്ള പാലത്തിലൂടെ രക്ഷാപ്രവർത്തകർ അവനെയുമെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞതും വിശദീകരിച്ചുകൊടുത്തു. ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും തക്കുടു അത് കേട്ടുനിൽക്കെ ഇടുക്കി അണക്കെട്ടിൽനിന്ന് ഒഴുകിയെത്തിയ ജലം ഇവർ നിന്ന പാലത്തിനടിയിലൂടെ സാവധാനം ഒഴുകിക്കടന്നുപോയി.

സൂരജിനെ ഓർമയില്ലേ? കഴിഞ്ഞ പ്രളയകാലത്തിന്റെ ഓർമചിത്രത്തിലെ ബാലൻ. ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ആശുപത്രിയിലെത്തിക്കാൻ വാരിയെടുത്ത് ഓടിയത് ഈ കുഞ്ഞു സൂരജിനെയായിരുന്നു. ചെറുതോണി ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും മകൻ. 2018 ആഗസ്റ്റ് ഒമ്പതിനാണ് ഇടുക്കി ഡാം തുറന്നത്. പിറ്റേദിവസം ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്ത പനിയും ശ്വാസംമുട്ടലുംകൊണ്ട് അവശനായ മൂന്നര വയസ്സുള്ള മകനെയാണ്. ആശുപത്രിയിലെത്തിക്കാൻ ഒരുമാർഗവുമില്ല. വെള്ളം പാലം മുട്ടി ഒഴുകുന്നതിനാൽ ഗതാഗതം നിരോധിച്ചിരുന്നു. തോരാ മഴ വകവെക്കാതെ മകനെ എടുത്ത് വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും പാലത്തിനിക്കരെ അധികൃതർ തടഞ്ഞു. പനി കൂടുതലാണെന്ന് പറഞ്ഞപ്പോൾ അവർ വിവരം ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ അറിയിച്ചു.

കുഞ്ഞിനെ കൈയിൽ വാങ്ങിയ അവർ വിജയരാജിനോട് പിന്നാലെ ഓടാൻ നിർദേശിച്ചു. പിന്നൊന്നും ആലോചിക്കാതെ പിറകെ ഓടി. കണ്ണടച്ച് തുറക്കുംമുമ്പ് മറുകരയെത്തി. തിരിഞ്ഞുനോക്കുമ്പോൾ പാലത്തിനു മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്നു. പനി കുറഞ്ഞ് ജില്ല ആശുപത്രിയിൽനിന്ന് മടങ്ങുമ്പോൾ സമീപത്തെ പല വഴികളും വെള്ളം കയറിയും മണ്ണിടിഞ്ഞും അടഞ്ഞിരുന്നു. ബന്ധുവിന്റെ ബൈക്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വീട്ടിലെത്തിയത്. ഇപ്പോൾ മഞ്ജിമ എന്നൊരു സഹോദരികൂടിയുണ്ട് സൂരജിന്. അണക്കെട്ട് തുറക്കുമെന്നറിഞ്ഞപ്പോൾ മുതൽ കാണാൻ കൊണ്ടുപോകണമെന്ന് മകൻ വാശി പിടിച്ചിരുന്നതായി വിജയരാജ് പറഞ്ഞു. തുറന്നു കണ്ടപ്പോൾ സൂപ്പർ എന്നായിരുന്നു സൂരജിന്റെ പ്രതികരണം.

 

Leave A Reply

Your email address will not be published.