Listen live radio

സ്‌ക്കൂൾ തുറക്കൽ: ആശങ്ക അകറ്റാൻ വയനാട് കലക്ടർ വിദ്യാലയങ്ങളിലെത്തി

after post image
0

- Advertisement -

 

വയനാട്: ജില്ലയിൽ വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സജീവം. കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷത്തോളം അടച്ചിട്ട വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിൽ നിലനിൽക്കുന്ന ആശങ്ക അകറ്റുന്നതിനായി ജില്ലാ കലക്ടർ എ. ഗീതയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് വിദ്യാലയങ്ങളിലെത്തി പരിശോധന നടത്തി.

കണിയാമ്പറ്റ എം.ആർ.എസ്, കണിയാമ്പറ്റ ഗവ. ഹൈസ്‌കൂൾ, പനങ്കണ്ടി ഗവ. ഹൈസ്‌കൂൾ, മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, വൈത്തിരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലാണ് പരിശോധന നടത്തിയത്. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളുകൾ നടപ്പിലാക്കേണ്ട സുരക്ഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതിനായിരുന്നു കലക്ടറുടെ നേതൃത്വത്തിൽ ഫിനാൻസ് ഓഫീസർ എ.കെ. ദിനേശൻ അടങ്ങുന്ന സംഘത്തിന്റെ സന്ദർശനം.

എ.ഡി.എം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കലക്ടർ കെ. അജീഷ്, താലൂക്ക് തഹസിൽദാർമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായും വിദ്യാലയങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് രക്ഷിതാക്കൾക്ക് ഉറപ്പ് നൽകുന്നതിനായി വിദ്യാലയങ്ങൾ തുറക്കുന്ന ദിവസം വരെ പരിശോധന തുടരും.

അധ്യാപകർ, രക്ഷിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് വിവിധ സ്‌കൂളുകളിലും ശുചീകരണം നടത്തി വരുന്നത്. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ സലിം പാല, പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.

Leave A Reply

Your email address will not be published.