Listen live radio

കോളേജുകൾ തുറക്കൽ: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജാഗ്രത ഉണ്ടാകണമെന്ന് മന്ത്രി ആർ ബിന്ദു

after post image
0

- Advertisement -

 

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം ഉണ്ടാക്കിയ നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളടക്കമുള്ള കലാലയങ്ങൾ പൂർണ്ണമായും തുറന്നു പ്രവർത്തിച്ചു തുടങ്ങുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജാഗ്രത ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

‘കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയേ പറ്റൂ. കഴിഞ്ഞ ആഴ്ച തുറക്കാനിരുന്നത് ഒരിക്കൽക്കൂടി നീട്ടാൻ കാരണമായത് തീവ്രമഴകൊണ്ടാണ്. തീവ്രമഴയുടെ അന്തരീക്ഷം ചിലയിടത്തെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രണ്ടും കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഏവരുടെയും ശ്രദ്ധ അഭ്യർത്ഥിക്കുന്നതെന്ന്’ മന്ത്രി പറഞ്ഞു.

‘സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും മുമ്പ് നിർദ്ദേശം നൽകിയതാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെടാത്തവിധം സൗകര്യപ്രദമായ തീരുമാനം അതാത് സ്ഥാപനങ്ങൾക്കെടുക്കാം. എന്നാൽ, വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ഒരു കാരണവശാലും വിട്ടുവീഴ്ചയരുത്. ഇത് കോവിഡ് ജാഗ്രതാസമിതികളുടെ മേൽനോട്ടത്തിൽ സ്ഥാപനമേധാവികൾ ഉറപ്പാക്കണം. ആവശ്യാനുസരണം ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണങ്ങൾ, തെർമൽ സ്‌കാനറുകൾ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും’ മന്ത്രി വ്യക്തമാക്കി.

‘പതിനെട്ട് വയസ്സ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കണം. അതേസമയം, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിമുഖത മൂലം വാക്‌സിനെടുക്കാത്ത സ്ഥിതി അധ്യാപകർക്കായാലും വിദ്യാർത്ഥികൾക്കായാലും ഉണ്ടായിക്കൂടാ. എല്ലാവരുടെയും സുരക്ഷിതത്വം നാം പരസ്പരം കരുതിത്തന്നെ വേണം ഉറപ്പാക്കാൻ. എന്തെങ്കിലും രോഗമുള്ളവരും, ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്ച ക്യാമ്പസുകളിൽ വരാതിരിക്കുന്നതാണ് നല്ലത്. ഉന്നതവിദ്യാഭ്യാസമേഖലയിൽ സമഗ്രമായ അഴിച്ചുപണികൾക്ക് തുടക്കമിടുകയാണ് നമ്മൾ. ക്യാമ്പസ് സംവാദങ്ങൾ കൊണ്ട് അവ സമഗ്രമാക്കാൻ വിദ്യാർത്ഥികളടക്കമുള്ള അക്കാദമിക് സമൂഹത്തിന്റെ ധൈഷണികമായ പങ്കാളിത്തം വേണം. ഏവർക്കും അതിനു വഴിയൊരുക്കുന്ന, ഏറ്റവും നല്ലതും സമാധാനമുള്ളതുമായ അക്കാദമിക് വർഷം നേരുന്നുവെന്നും’ ആർ ബിന്ദു ആശംസിച്ചു.

 

 

Leave A Reply

Your email address will not be published.