Listen live radio

ഒരു കരുതൽ വീട്ടിലും: മഴ കുറയുമ്പോൾ ക്യാമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നവർ അറിയണം ഈ കാര്യങ്ങൾ

after post image
0

- Advertisement -

 

തിരുവനന്തപുരം: മഴ കുറയുന്ന സാഹചര്യത്തിൽ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.

വെള്ളപ്പൊക്കം മാറി ആളുകൾ വീടുകളിലേക്ക് തിരിച്ചുപോകുമ്പോൾ പാമ്പുകടി, വൈദ്യുതാഘാതം, വിവിധ രോഗങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വീട്ടിലേയ്ക്ക് മടങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് തടയാൻ പ്രഥമ ശുശ്രൂഷ നൽകി എത്രയും വേഗം തൊട്ടടുത്തുള്ള ആശുപത്രിയിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുക. കൂടാതെ വെള്ളമിറങ്ങുന്ന സമയത്ത് വീട് ശുചീകരിക്കാൻ പോകുന്നവർ വൈദ്യുതാഘാതമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വൈദ്യുതിയുമായുള്ള ബന്ധം വേർപ്പെടുത്തിയിട്ട് മാത്രം അറ്റകുറ്റ പണികൾ ചെയ്യുക. വൈദ്യുതാഘാതമേറ്റെന്ന് തോന്നിയാൽ സുരക്ഷിതമായി വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം വേർപ്പെടുത്തുക. രോഗിക്ക് എത്രയും വേഗം വൈദ്യ സഹായം ഉറപ്പാക്കുക.

വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ ജലജന്യ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പാത്രങ്ങളും പച്ചക്കറികളും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് കഴുകുക. മലിന ജലവുമായി സമ്പർക്കമുള്ളവരും സന്നദ്ധ പ്രവർത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്.

ഡെങ്കിപ്പനി, മലമ്പനി, ചിക്കൻ ഗുനിയ, വെസ്റ്റ് നൈൽ മുതലായ കൊതുജന്യ രോഗങ്ങളിൽ നിന്നും രക്ഷനേടുവാൻ വീടും പരിസരവും വൃത്തിയാക്കി കൊതുക് വിമുക്താക്കണം. ചിക്കൻപോക്സ്, എച്ച്1 എൻ 1, വൈറൽ പനി തുടങ്ങിയ വായുജന്യ രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായ സംശയങ്ങൾക്കും സേവനങ്ങൾക്കും ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Leave A Reply

Your email address will not be published.