Listen live radio

ബിനീഷ് കോടിയേരി ഉച്ചയോടെ തിരുവനന്തപുരത്തെത്തും; ഇ.ഡിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത

after post image
0

- Advertisement -

 

 

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30 ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്. ബിനോയിയും അടുത്ത സുഹൃത്തുക്കളും ഇന്നലെ പരപ്പന അഗ്രഹാര ജയിലിന് പുറത്തുണ്ടായിരുന്നു.

കേരളത്തിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചില പേരുകൾ പറയാൻ തയാറാകാത്തതാണ് ഇഡി കേസിന് കാരണമെന്ന് ബിനീഷ് ആരോപിച്ചിരുന്നു. ബിജെപിയാണ് പിന്നിലെന്നും ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടൽ എന്നുമാണ് ബിനീഷിന്റെ ആരോപണം. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കേരളത്തിൽ എത്തിയ ശേഷം വെളിപ്പെടുത്തുമെന്ന് ബിനീഷ് അറിയിച്ചിരുന്നു. വിശദമായ വാർത്താസമ്മേളനത്തിനും ആലോചനയുണ്ട്

ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാൻ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാനമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു. ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കിൽ 10 ദിവസത്തിനുള്ളിൽ ഇറങ്ങിയേനെ എന്നും കേരളത്തിൽ എത്തിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചിരുന്നു.

ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കൊണ്ടാണ് ബിനീഷിന് വെള്ളിയാഴ്ച പുറത്തിറങ്ങാൻ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പെടെ കർശന ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം ലഭിച്ചത്. നിബന്ധനകൾ കർശനമാണെന്ന് മനസിലാക്കിയതോടെ ജാമ്യം നിൽക്കാൻ ഏറ്റവർ പിൻമാറി. പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ എത്തിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.

ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ അന്വേഷണം ഏതെങ്കിലും സാഹചര്യത്തിൽ ബിനീഷിലേക്കെത്തിയാൽ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നൽകിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയിൽ രണ്ട് കേന്ദ്ര ഏജൻസികളും ഇനി സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.

ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അവതരിപ്പിച്ചത്. ബിനീഷിൻറെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികൾ. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എൻസിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോഴും എൻസിബി കോടതിയെ അറിയിച്ചത്. ബിനീഷിൻറെ അക്കൗണ്ടിൽനിന്നും ബിസിനസ് ആവശ്യങ്ങൾക്കെന്ന പേരിൽ മുഹമ്മദിന് അനൂപ്് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസിൽ എൻസിബി ബിനീഷിനെ തേടി വീണ്ടുമെത്തിയേക്കും.

അനൂപിൻറെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിൻറെ വാദം ഇഡിയും എൻസിബിയും ഇതുവരെ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടർ നടപടികളും നിർണായകമാണ്. ലഹരി ഇടപാടിൽ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിൻറെ ഡെബിറ്റ് കാർഡിലെ ഒപ്പുപോലും ബിനീഷിൻറെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മാത്രമല്ല ഹോട്ടൽ വ്യവസായത്തിനെന്ന പേരിൽ പണം മയക്കുമരുന്നിടപാടുകാർക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തൽ. കൂടുതൽ തെളിവുകളുമായി ജാമ്യം നൽകിയ കർണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ചുരുക്കത്തിൽ, ജാമ്യം ലഭിച്ചെങ്കിലും കേസിലെ നിയമനടപടികളൊന്നും അവസാനിക്കുന്നില്ല. ഏത് നിമിഷവും രണ്ട് കേന്ദ്ര ഏജൻസികളും ബിനീഷിനെ തേടിയെത്തിയേക്കാം. കേന്ദ്ര ഏജൻസികളുടെ സമീപകാല ചരിത്രവും, ഏത് ചെറിയ തെളിവുകളെയും ആധാരമാക്കി കടുത്ത ആരോപണങ്ങളുന്നയിക്കുന്ന രീതിയും പരിശോധിക്കുമ്പോൾ ഈ സാധ്യതകളൊന്നും തള്ളിക്കളയാനുമാകില്ല.

 

Leave A Reply

Your email address will not be published.