Listen live radio

ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം; സമയക്രമം നിശ്ചയിച്ചു:ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

after post image
0

- Advertisement -

തിരുവനന്തപുരം:  അടുത്ത മൂന്ന് മാസത്തേയ്ക്കുളള ധാന്യശേഖരണത്തിനുളള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. അടുത്തമാസം മുന്‍ഗണനേതര വിഭാഗത്തിന് 15 കിലോ ധാന്യം നല്‍കുന്നതിന് 50,000 മെട്രിക് ടണ്‍ ധാന്യം സംഭരിക്കും.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പ്രകാരം മുന്‍ഗണന വിഭാഗത്തിന് അധികമായി 10 കിലോ ധാന്യം വിതരണം ചെയ്യുന്നതിന് 2.31 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം വേണ്ടിവരുമെന്നും തിലോത്തമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ മാസം 20 ന് മുന്‍പ് അടുത്തമാസത്തേയ്ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യവിതരണം പൂര്‍ത്തിയാക്കും. ഏപ്രില്‍ 20 ന് ശേഷമുളള സമയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പ്രകാരമുളള ഭക്ഷ്യവിതരണത്തിനായി നീക്കിവെയ്ക്കുമെന്നും തിലോത്തമന്‍ പറഞ്ഞു. 15 കിലോ ഭക്ഷ്യധാന്യം ഉള്‍പ്പെടെയാണ് സമ്പൂര്‍ണമായി സൗജന്യമായി നല്‍കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് ഭക്ഷ്യവിതരണത്തിന് സമയക്രമം നിശ്ചയിച്ചു. അന്ത്യോദയ, അന്നയോജന ഉള്‍പ്പെടെ മുന്‍ഗണന വിഭാഗക്കാര്‍ രാവിലെ മുതല്‍ ഉച്ചവരെയുളള സമയത്ത് റേഷന്‍ കടയില്‍ എത്തി ഭക്ഷ്യധാന്യം വാങ്ങണം. ഉച്ചകഴിഞ്ഞുളള സമയം മുന്‍ഗണനേതര വിഭാഗത്തിനായാണ് മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം അനുസരിച്ച് റേഷന്‍ കടയുടമ പ്രവര്‍ത്തിക്കണം. റേഷന്‍ കടയില്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കൃത്യമായ സാമൂഹ്യ അകലം പാലിച്ചാണ് ഭക്ഷ്യവിതരണം നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഒട്ടാകെ 87 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുളള ഭക്ഷ്യകിറ്റുകളാണ് തയ്യാറാക്കി വരുന്നത്. സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകള്‍ വഴിയാണ് വിതരണം ചെയ്യുക. പഞ്ചസാര പോലുളള ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ പ്രയാസം നേരിടുന്നുണ്ട്. മഹാരാഷ്ട്ര പോലുളള സംസ്ഥാനങ്ങളില്‍ നിന്നാണ് പഞ്ചസാര വരേണ്ടത്. ലോക്ക്ഡൗണ്‍ മൂലം അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇവ എത്തുന്നതിന് ബുദ്ധിമുട്ട്  നേരിടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് നാഫെഡില്‍ നിന്ന് പയറുവര്‍ഗങ്ങളും പഞ്ചസാരയും സംഭരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്‍കിയാല്‍ സൗജന്യമായി ഭക്ഷ്യധാന്യം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply

Your email address will not be published.