Listen live radio

കെഎസ്ആർടിസി അവശ്യ സർവീസാക്കും; പണിമുടക്ക് അംഗീകരിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി

after post image
0

- Advertisement -

 

 

തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ല. 30 കോടി രൂപയുടെ അധികബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകൾ ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

സമരം ചെയ്താൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. കോവിഡ് കാലത്ത് സർവീസ് നടത്താതിരുന്നപ്പോഴും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടക്കാതെ നൽകിയിരുന്ന സർക്കാരിനെതിരെയാണ് സമരം ചെയ്യുന്നത്. മാസശമ്പളം ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

യൂണിയനുകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ 30 മണിക്കൂർ സമയം പോലും സർക്കാരിന് നൽകിയില്ല. അതിനാൽ ഈ സമരം നടത്തിയതിൽ ഒരു ന്യായീകരണവും ഇല്ല. ഈ സാഹചര്യത്തിൽ ഇനി എന്തിനാണ് സർക്കാർ ശമ്പള പരിഷ്‌കരണ ചർച്ച നടത്തുന്നതെന്ന് ആന്റണി രാജു ചോദിച്ചു. ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തിൽ പോലും ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നൽകാൻ സർക്കാർ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോൾ സർക്കാരിനെ മുൾമുനയിൽ നിർത്തുന്നത് ശരിയാണോയെന്ന് യൂണിയനുകൾ ആലോചിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾ ഈ സമരം അംഗീകരിക്കില്ല. ഇത് കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല. ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കിൽ സർക്കാർ നിയമ നിർമ്മാണത്തിലേയ്ക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളുകൾ തുറന്ന, ശബരിമല സീസൺ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തിൽ ജനങ്ങൾ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു.

Leave A Reply

Your email address will not be published.