Listen live radio

ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലുപേർ വീട് വിട്ടിറങ്ങി, ഊർജിത തിരച്ചിൽ; പൊള്ളാച്ചിയിൽ എത്തി

after post image
0

- Advertisement -

പാലക്കാട്: ആലത്തൂരിൽനിന്ന് സഹപാഠികളായ നാല് വിദ്യാർഥികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ഒമ്പതാംക്ലാസ് വിദ്യാർഥികളായ നാലുപേരും തമിഴ്നാട്ടിൽ എത്തിയതായി സ്ഥിരീകരിച്ചതിനെ തുടർന്ന് നിലവിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പാലക്കാട് ആലത്തൂരിൽനിന്നുള്ള പോലീസ് സംഘങ്ങൾ തമിഴ്നാട്ടിലെ പലയിടങ്ങളിലും തിരച്ചിൽ തുടരുകയാണ്.

നവംബർ മൂന്നാം തീയതിയാണ് ആലത്തൂർ സ്വദേശികളായ നാല് വിദ്യാർഥികളെ കാണാതായത്. ഇതിൽ രണ്ടുപേർ ഇരട്ടസഹോദരിമാരാണ്. എല്ലാവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഇവരിലൊരാളുടെ കൈയിൽ മൊബൈൽ ഫോണുണ്ടെങ്കിലും മൂന്നാം തീയതി മുതൽ ഇത് സ്വിച്ച് ഓഫാണ്. വീട് വിട്ടിറങ്ങി ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞാണ് കുട്ടികളെ കാണാതായത് വീട്ടുകാർ അറിയുന്നത്. തുടർന്ന് ആലത്തൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ നാല് വിദ്യാർഥികളും ആദ്യം പാലക്കാട്ടേക്ക് പോയതായാണ് പോലീസിന്റെ നിഗമനം. ആലത്തൂർ ദേശീയപാതയിൽ സ്വാതി ജംങ്ഷനിലേക്ക് വിദ്യാർഥികൾ നടന്നുപോകുന്നത് കണ്ടവരുണ്ട്. പാലക്കാട് ബസ് സ്റ്റാൻഡിൽനിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇവിടെനിന്ന് ബസിൽ കയറി ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. കുട്ടികൾ കഴിഞ്ഞദിവസം പൊള്ളാച്ചിയിൽ എത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊള്ളാച്ചിയിൽനിന്ന് ഇവരുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. എന്നാൽ പൊള്ളാച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

വിദ്യാർഥികളായ നാലുപേരും മുൻകൂട്ടി ആസൂത്രണം ചെയ്താണ് വീട് വിട്ടിറങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. വീടുകളിൽനിന്നെടുത്ത കുറച്ച് പണം ഇവരുടെ കൈയിലുണ്ട്. മുതിർന്നവരുടെ കൂടെയല്ലാതെ കുട്ടികളെ കണ്ട് കാര്യം തിരക്കിയവരോട് ഇവർ തന്ത്രപൂർവമാണ് പെരുമാറിയത്. ആർക്കും സംശയം തോന്നാത്തവിധത്തിലായിരുന്നു കുട്ടികളുടെ പെരുമാറ്റമെന്നും പൊള്ളാച്ചിയിൽ പലയിടത്തും ഇവരെ കണ്ടതായും പോലീസ് പറയുന്നു.

കഴിഞ്ഞ നാല് ദിവസമായി കുട്ടികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് ആലത്തൂർ പോലീസ്. പൊള്ളാച്ചി വരെ കുട്ടികൾ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആലത്തൂർ സി.ഐ. റിയാസ് ചാക്കീരി പറഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തിരച്ചിൽ തുടരുകയാണെന്നും കുട്ടികൾ വെറുതെ കറങ്ങിനടക്കുകയാണെന്നും യാത്രയ്ക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളില്ലെന്നാണ് നിലവിലെ നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 14 വയസ്സാണ് നാലുപേരുടെയും പ്രായം. കുട്ടികളായതിനാൽ സാധാരണരീതിയിൽ താമസസൗകര്യം കിട്ടാനെല്ലാം ബുദ്ധിമുട്ടാണ്. എന്നാൽ തമിഴ്നാട്ടിൽ നിരവധി ഹോംസ്റ്റേകൾ പ്രവർത്തിക്കുന്നുണ്ട്. അനധികൃതമായാണെങ്കിലും ഇവിടെയെല്ലാം താമസസൗകര്യം ലഭിക്കാനും സാധ്യതയുണ്ട്. കുട്ടികൾ ഇങ്ങനെ കറങ്ങിനടക്കുന്നത് അപകടകരമാണെന്നും എത്രയും പെട്ടെന്ന് കണ്ടെത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.