Listen live radio

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി: 5 ശതമാനം പലിശയിൽ 1 കോടി രൂപ വരെ വായ്പ

after post image
0

- Advertisement -

 

തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭകർക്ക് 5 ശതമാനം പലിശയിൽ 1 കോടി രൂപ വരെ വായ്പ നൽകുന്ന പുതിയ പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ.

നിലവിലെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനഃരാവിഷ്‌കരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ 7 ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ ലഭ്യമാവുന്നത്. ഇത് ഒരു കോടി രൂപ വരെ 5 ശതമാനം പലിശ നിരക്കിൽ നൽകുന്ന രീതിയിലാണ് പദ്ധതിയെ മാറ്റുക.

ഒരു വർഷം 500 സംരംഭം എന്ന കണക്കിൽ 5 വർഷം കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെഎഫ്‌സി 300 കോടി രൂപയാണ് നീക്കി വെയ്ക്കുക. പദ്ധതിയിൽ 3 ശതമാനം സബ്സ്സിഡി കേരള സർക്കാരും 2 ശതമാനം സബ്സ്സിഡി കെഎഫ്‌സിയും നൽകും. വ്യവസായ യൂണിറ്റുകൾക്ക് എംഎസ്എംഇ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. മുഖ്യ സംരംഭകന്റെ പ്രായം 50 വയസിൽ താഴെ ആയിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗ സംരംഭകർക്കും വനിതാ സംരംഭകർക്കും പ്രവാസി സംരംഭകർക്കും പ്രായപരിധി 55 വയസുവരെയാണ്.

പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങൾ ആധുനികവത്കരിക്കാനും വായ്പ ലഭിക്കും. പദ്ധതി ചിലവിന്റെ 90 ശതമാനം വരെയാണ് വായ്പ. പുതിയ പദ്ധതികൾക്ക് ഒരു കോടിക്ക് മുകളിലും വായ്പ ലഭിക്കും. 10 വർഷം വരെയാണ് തിരിച്ചടവ് കാലാവധി. പലിശ ഇളവ് 5 വർഷത്തേക്കായിരിക്കും. സ്റ്റാർട്ടപ്പുകൾക്കും ഈ പദ്ധതിയിൽ പ്രയോജനം ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് 1 കോടി രൂപവരെയുള്ള വായ്പ 5.6% നിരക്കിൽ ഈ പദ്ധതിമുഖേന ലഭ്യമാക്കുന്നതാണ്.

Leave A Reply

Your email address will not be published.