Listen live radio

കണ്ണൂർ വി.സി നിയമന കേസിൽ ഗവർണറുടെ കത്ത് നിർണായകം

after post image
0

- Advertisement -

 

 

തിരുവനന്തപുരം: നിയമനാധികാരി തന്നെ നിയമനം ചട്ടവിരുദ്ധമെന്ന് തുറന്നുപറഞ്ഞതോടെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം നിയമക്കുരുക്കിലാകും. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ നടപടി ചോദ്യംചെയ്ത് സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗം ഡോ. സിനുവും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിക്ക് ഇതോടെ പ്രസക്തിയേറി.

സർവകലാശാല ചട്ടത്തിന് വിരുദ്ധമായി നടത്തിയ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഒന്നാം എതിർകക്ഷി ചാൻസലറായ ഗവർണറും രണ്ടാം എതിർകക്ഷി സംസ്ഥാന സർക്കാരുമാണ്. കണ്ണൂർ വി.സി പദവിയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് സർക്കാർ സമ്മർദത്തിന് വഴങ്ങിയാണെന്ന് ഗവർണർ തുറന്നുപറഞ്ഞത് കേസിൽ നിർണായകമാണ്. അങ്ങേയറ്റം അസ്വസ്ഥതയോടെയാണ് വി.സിയുടെ പുനർനിയമന ഉത്തരവിൽ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ ഗവർണർ പറയുന്നുണ്ട്. നിയമവിരുദ്ധമായ കാര്യം ചെയ്യാൻ സർക്കാർ നിർബന്ധിച്ചെന്നും കത്തിൽ പറയുന്നു.

വൈസ് ചാൻസലറുടെ പുനർനിയമനം കാലാവധി നീട്ടിക്കൊടുക്കലല്ലെന്നും അതിന് നിശ്ചിത നടപടിക്രമങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി അയച്ച നിയമോപദേശകനോട് പറഞ്ഞ് മനസ്സിലാക്കാൻ സാധ്യമായ രീതിയിൽ ശ്രമിച്ചുവെന്നും കത്തിലുണ്ട്. എന്നാൽ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായപ്രകാരമാണ് തന്റെ ഉപദേശമെന്ന് പറഞ്ഞ് നിർബന്ധിക്കുകയായിരുന്നു നിയമോപദേശകൻ. കണ്ണൂർ സർവകലാശാല നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞയാളെ വൈസ് ചാൻസലറായി നിയമിക്കാനാവില്ല. 60 വയസ്സ് പൂർത്തിയായ ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകിയത് സർക്കാരിന്റെ സമ്മർദത്തിലും നിയമവിരുദ്ധമായാണെന്നും ഗവർണർ തന്നെ തുറന്നുപറഞ്ഞത് വി.സിക്ക് പദവിയിൽ തുടരുന്നതിന് വെല്ലുവിളിയായി മാറും.

 

Leave A Reply

Your email address will not be published.