Listen live radio

ഗവർണറുമായി ഏറ്റുമുട്ടാനില്ല; ചർച്ചക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

after post image
0

- Advertisement -

 

 

 

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ സംബന്ധിച്ച് സർക്കാരും ഗവർണരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കെ, ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

വി.സിമാർക്ക് കക്ഷിരാഷ്ട്രീയമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാർ ഇല്ല. ഗവർണറുമായി ചർച്ചയ്ക്ക് തയ്യാറാണ്. തെറ്റിദ്ധാരണയുടെ ഭാഗമായുള്ള ഇപ്പോഴത്തെ നിലപാടിൽ നിന്ന് ഗവർണർ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്കാദമിക് നിലവാരം ഉള്ളവരെയാണ് സർവകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നത്. ദേശീയതലത്തിൽ വരെ ശ്രദ്ധേയരായവരെയാണ് വി.സി സ്ഥാനങ്ങളിൽ കൊണ്ടുവന്നത്. ഗവർണറെ തെറ്റായി എന്തെങ്കിലും ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ല. ഗവർണറുടെ പ്രസ്താവന ദു:ഖകരമാണ് -മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗവർണർ ഒരു ഭാഗത്തും സർക്കാർ മറുഭാഗത്തുമായി ഏറ്റുമുട്ടൽ നടക്കുകയാണെന്ന് വരുത്തിത്തീർക്കുകയാണ് ചിലർ. എന്നാൽ, സർക്കാരിന് അങ്ങനെ യാതൊരു ഏറ്റുമുട്ടലിനും താൽപര്യമില്ല. ഗവർണർ അദ്ദേഹത്തിൻറെ അഭിപ്രായം പറഞ്ഞു. അതിൽ സർക്കാർ തങ്ങളുടെ നിലപാടറിയിച്ചു. സർക്കാരും ഗവർണറും നല്ല നിലയിൽ തന്നെയാണ് തുടരുന്നത്. ചാൻസലർ സ്ഥാനം ഉപേക്ഷിക്കുകയെന്ന നിലപാട് ഗവർണർ സ്വീകരിക്കരുത്. ഗവർണർ തന്നെ ചാൻസലറായി തുടർന്ന് ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരത്തിലേക്കെത്തിക്കണം.

എൽ.ഡി.എഫ് സർക്കാർ അനധികൃതമായി സർവകലാശാലകളുടെ നിയമനത്തിൽ ഇടപെടുന്ന രീതി സ്വീകരിക്കാറില്ല. അത് ഞങ്ങളുടെ രീതിയല്ല. ചാൻസലർ സ്ഥാനമെന്ന മോഹം ഞങ്ങൾക്കില്ല. അത്തരത്തിൽ ഒരു നീക്കവും സർക്കാർ നടത്തിയിട്ടില്ല. ഗവർണർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ അദ്ദേഹം ഉറച്ചുനിൽക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിലപാടിൽ ഗവർണർ മാറ്റം വരുത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ചാൻസലറുടെ അധികാരം നിയമപ്രകാരമുള്ളതാണ്. അത് കവർന്നെടുക്കാൻ സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്തെങ്കിലും തെറ്റിദ്ധാരണയുടെ ഭാഗമായി ഗവർണർക്ക് അത്തരമൊരു ചിന്ത വന്നിട്ടുണ്ടെങ്കിൽ, ചാൻസലറുടെ അധികാരങ്ങൾ കവർന്നെടുക്കാനുള്ള യാതൊരു ശ്രമവും നടന്നിട്ടില്ലെന്നും ഇനി നടക്കുകയില്ലെന്നും ആവർത്തിച്ച് വ്യക്തമാക്കുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.