Listen live radio

നാട്ടിലിറങ്ങിയ കടുവയെ പേടിച്ച് ജനം; നിരോധനാജ്ഞ തുടരുന്നു, നിരീക്ഷണ ക്യാമറകൾ മാറ്റി സ്ഥാപിക്കും

after post image
0

- Advertisement -

 

 

വയനാട്: കുറുക്കൻമൂലയിലെ ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി തെരച്ചിൽ തുടരുന്നു. പയ്യമ്പള്ളി, കൊയ്‌ലേരി മേഖലകളിൽ എവിടെയോ കടുവ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. ഇതുവരെ കടുവയെ പിടിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല. ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. അതേസമയം മാനന്തവാടി നഗരസഭയിലെ എട്ട് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്.

നാട്ടിലിറങ്ങി വിലസിയിട്ടും കടുവയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് വനം വകുപ്പ്. ക്ഷുഭിതരായ നാട്ടുകാരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് ഇന്നലെ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു. നടപടികൾ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് വയനാട് എംപി രാഹുൽ ഗാന്ധി.

ഇന്നലെ പുലർച്ചെ കാറിൽ സഞ്ചരിക്കുകയായിരുന്ന നാട്ടുകാർ കടുവയെ നേരിൽ കണ്ടിരുന്നു. ഇവർ വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും വേണ്ട രീതിയിൽ തിരച്ചിൽ നടത്തിയില്ലെന്നാണ് പരാതി. രാവിലെ ഒൻപത് മണിയോടെയാണ് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം സ്ഥലത്തെത്തിയത്. ക്ഷുഭിതനായ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലിനെ ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് ആരോപണം. സംഘർഷത്തിനിടെ വനം വകുപ്പ് ജീവനക്കാരിൽ ഒരാൾ അരയിൽ കരുതിയ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ പറയുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മാനന്തവാടി എംഎൽഎ ഒ.ആർ കേളു രംഗത്തെത്തി. ഇതിനിടെ കടുവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പയ്യമ്പള്ളി പുതിയടത്തെ സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

 

 

Leave A Reply

Your email address will not be published.