Listen live radio

വിവാഹപ്രായം ഉയർത്തൽ; ബിൽ സ്ഥിരസമിതിക്ക് വിട്ടേക്കും

after post image
0

- Advertisement -

 

 

ന്യൂഡൽഹി: വ്യാപക എതിർപ്പുയർന്ന സാഹചര്യത്തിൽ, സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽനിന്ന് 21 ആയി ഉയർത്താനുള്ള ബിൽ പാർലമെന്റിന്റെ സ്ഥിരസമിതിക്ക് വിടാൻ കേന്ദ്ര നീക്കം.

രാജ്യസഭയിലെ പ്രതിപക്ഷ നേതാക്കളോടാണ് സർക്കാർ ഇതുസംബന്ധിച്ച സൂചന നൽകിയത്. ലോക്‌സഭ പാസാക്കിയ മധ്യസ്ഥത ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് പാർലമെൻറിന്റെ സ്ഥിരസമിതിക്ക് വിട്ടു. വിവാഹ പ്രായം ഉയർത്തുന്ന ബില്ലും തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥത ബിൽ പോലെ സ്ഥിരസമിതിക്ക് വിടാമെന്നാണ് സർക്കാർ മുന്നോട്ടുവെക്കുന്ന നിർദേശം. ബിൽ സ്ഥിരസമിതിക്ക് വിടണമെന്ന് ആവശ്യപ്പെടുന്നതിനാൽ, പ്രതിപക്ഷം ഇതിന്റെ അവതരണം തടസ്സപ്പെടുത്തുകയില്ലെന്ന് വ്യക്തമാക്കി.

ബിൽ ബുധനാഴ്ച സ്ഥിരസമിതിക്ക് വിടുമെന്നാണ് സൂചനയെന്ന് രാജ്യസഭ കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് പറഞ്ഞു. ബിൽ അവതരിപ്പിക്കുമ്പോൾ എതിർക്കേണ്ടെന്നും പാസാക്കാൻ അനുവദിക്കരുതെന്നുമാണ് പ്രതിപക്ഷം തീരുമാനിച്ചതെന്ന് സി.പി.എം രാജ്യസഭ നേതാവ് എളമരം കരീം പറഞ്ഞു. രാവിലെ പ്രതിപക്ഷ കക്ഷികളുടെ സഭ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. അതേസമയം, സർക്കാരിന്റെ ഒരു വാക്കും വിശ്വസിക്കാനാവാത്തതിനാൽ സഭയിൽ ബിൽ കൊണ്ടുവന്ന ശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

നടപടിക്രമങ്ങളെയും ചട്ടങ്ങളെയും മാനിക്കാത്ത തരത്തിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഖാർഗെ പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനു മുമ്പ് മുസ്‌ലിംകൾക്ക് എതിരായ നടപടി എന്ന തോന്നലുണ്ടാക്കി വിവാഹ പ്രായം 21 ആക്കി ഉയർത്തി ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. അതുകൊണ്ടാണ് തിരക്കിട്ട് ബിൽ കൊണ്ടുവരാൻ തുനിഞ്ഞത്. എന്നാൽ, മുസ്‌ലിം സമുദായത്തിൽനിന്നുണ്ടായതിനേക്കാളേറെ എതിർപ്പ് വനിത സംഘടനകളിൽനിന്നും രാഷ്ട്രീയ-സാമൂഹിക സംഘടനകളിൽനിന്നുമുണ്ടായി.

 

 

Leave A Reply

Your email address will not be published.