Listen live radio

ലാപ്‌ടോപ് കിട്ടി: നെറ്റില്ല, ഉപയോഗിക്കാനറിയില്ല; ആദിവാസി വിദ്യാർഥികൾ പ്രതിസന്ധിയിൽ

after post image
0

- Advertisement -

 

 

വെള്ളമുണ്ട: ലാപ്‌ടോപ് കിട്ടിയിട്ടും ഉപയോഗിക്കാനാവാതെ ആദിവാസി വിദ്യാർഥികൾ. പൊതുവിദ്യാദ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതി പ്രകാരം ലഭിച്ച ലാപ്‌ടോപ്പുകളാണ് കൃത്യമായി ഉപയോഗിക്കാൻ കഴിയാതെ ആദിവാസി വിദ്യാർഥികൾ പ്രയാസപ്പെടുന്നത്. ഓൺലൈൻ ക്ലാസുകൾ കേൾക്കുന്നതിനുവേണ്ടിയാണ് പ്രധാനമായും ലാപ്‌ടോപ്പുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, നെറ്റ് സംവിധാനമോ ഉപയോഗിക്കാനുള്ള പ്രാവീണ്യമോ ഇല്ലാത്തതിനാൽ ബഹുഭൂരിപക്ഷത്തിനും ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്.

ലാപ്‌ടോപ്പുകൾ നൽകുന്നതിനൊപ്പം ഇത് ഉപയോഗിക്കാനുള്ള പരിശീലനംകൂടി കൃത്യമായി നൽകണമെന്നാണ് ആവശ്യം. ജില്ലയിൽ 17,000ത്തിലധികം ലാപ്‌ടോപ്പുകളാണ് വിതരണം ചെയ്യുന്നത്. ആദിവാസി വിഭാഗത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പണിയ വിഭാഗത്തിലെ വിദ്യാർഥികളാണ് ലാപ്‌ടോപ് കൈയിൽ കിട്ടിയിട്ടും ഉപയോഗിക്കാനറിയാതെ വട്ടം കറങ്ങുന്നത്.

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ഗോത്രവർഗ വിദ്യാർഥികളിൽ നല്ലൊരു ശതമാനവും ഇതുവരെ എത്തിയിട്ടില്ല. കോളനികളോട് ചേർന്ന പൊതുപഠന കേന്ദ്രങ്ങളും ഓൺലൈൻ ക്ലാസുകളുമാണ് നിലവിലെ ഇവരുടെ ആശ്രയം.

ലാപ്‌ടോപ് ലഭിച്ച വിദ്യാർഥികൾ ഓരോരുത്തരും നെറ്റ് സംവിധാനം വീടുകളിലെ മൊബൈലുകളിൽനിന്ന് ലഭ്യമാക്കണമെന്നാണ് നിർദേശം. എന്നാൽ, അത്തരത്തിലുള്ള സംവിധാനം ഇല്ലാത്തവരോ, അവ കണക്ട് ചെയ്ത് ഉപയോഗിക്കാനറിയാത്തവരോ ആണ് ബഹുഭൂരിപക്ഷവും. കോളനികളോട് ചേർന്ന പൊതു ഇടങ്ങളിൽ വൈഫൈ സംവിധാനം ഒരുക്കുകയും കൃത്യമായ പരിശീലനം ഏർപ്പെടുത്തുകയും ചെയ്താൽ മാത്രമേ കോടികൾ മുടക്കി നടപ്പാക്കിയ പദ്ധതി ഉപയോഗപ്രദമാവുകയുള്ളൂ.

Leave A Reply

Your email address will not be published.