Listen live radio

ഹോട്ടൽഭക്ഷണത്തിനും വിലക്കയറ്റം; വെജ് ഹോട്ടലുകാർ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നു

after post image
0

- Advertisement -

 

 

 

കോഴിക്കോട്: ജനജീവിതം ദുസ്സഹമാക്കി ഹോട്ടൽഭക്ഷണത്തിനും വിലക്കയറ്റം. വെജ്, നോൺ വെജ് ഹോട്ടലുകളിൽ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലപ്പുറം വർധിച്ചു.

നിത്യോപയോഗസാധനങ്ങൾക്കും പാചകവാതകത്തിനും ഇന്ധനത്തിനും വില അനിയന്ത്രിതമായി കൂടുമ്പോൾ സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ജനങ്ങൾക്ക് വയറ്റത്തടിയാവുന്നത്. ഹോട്ടൽ ഭക്ഷണത്തിന് ഏകീകൃതമായ വിലനിലവാരമില്ല. നോൺവെജ് ഹോട്ടലുകളിൽ സ്‌പെഷൽ ഇനങ്ങൾക്ക് വില വർധിപ്പിച്ചാണ് പ്രതിസന്ധി തരണം ചെയ്യുന്നത്. വെജിറ്റേറിയൻ ഹോട്ടലുകളിൽ ഊണിന് പത്ത് മുതൽ 15 രൂപ വരെ വർധിച്ചിട്ടുണ്ട്. ദോശ ഇനങ്ങൾക്കും ചപ്പാത്തി, പൂരി പൊറോട്ട ഇനങ്ങൾക്കും വില കൂട്ടി. സാധനവിലയും ഇന്ധനവിലയും വർധിക്കുമ്പോൾ പിടിച്ചു നിൽക്കാനാവുന്നില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.

നേരത്തേ ഒരാഴ്ചയിൽ 30,000 രൂപയായിരുന്നു പച്ചക്കറിക്കായി മാറ്റിവെച്ചത്. ഇന്നത് 82,000 രൂപയായി വർധിച്ചുവെന്ന് മാവൂർ റോഡിലെ വെജിറ്റേറിയൻ ഹോട്ടലുടമ പറയുന്നു. 30 കിലോ ആട്ടക്ക് 800രൂപക്ക് പകരം 1280 ആണ് ഇപ്പോഴത്തെ വില. 60 രൂപയുണ്ടായിരുന്ന ഓയിലിന് 132 രൂപയായി. 800 രൂപയുണ്ടായിരുന്ന ഗ്യാസിന് 1930 ആണ് പുതിയ വില. അരിക്ക് മാത്രം കിലോ 12 രൂപവരെ കൂടി. ബിരിയാണി അരിക്ക് 15 രൂപ വരെ വില കൂടി. ചായപ്പൊടി പഞ്ചസാര ഇനങ്ങൾക്ക് വില കൂടിയതിനാൽ ചായക്കും വില കൂട്ടേണ്ട സാഹചര്യമാണ്. പത്തു രൂപയുണ്ടായിരുന്ന ചായക്ക് 12 മുതൽ മേലോട്ട് വില കൂട്ടി വിൽക്കുന്നവരുമുണ്ട്.

എല്ലാ ഭക്ഷ്യവസ്തുക്കൾക്കും വില കൂടുമ്പോൾ വില കൂട്ടുകയല്ലാതെ രക്ഷയില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. നഷ്ടം സഹിച്ചാണ് മുന്നോട്ട് പോവുന്നതെന്ന് കോഫി ഹൗസ് അധികൃതർ പറഞ്ഞു. വില കൂട്ടിയാൽ കച്ചവടം കുറയുമെന്നതിനാൽ സഹിച്ചു മുന്നോട്ടുപോവുകയാണ്. അതേസമയം, ചില ഹോട്ടലുകാർ ഊൺവിൽപന വേണ്ടെന്നുവെച്ചു. ന്യായവിലക്ക് ഊൺവിൽക്കാൻ സാധിക്കാത്തതാണ് കാരണമായി പറയുന്നത്.

ലോക്ഡൗൺ കാലത്ത് അൽപമെങ്കിലും പിടിച്ചുനിന്നത് ഹോട്ടൽ മേഖലയായിരുന്നു. പാർസൽ വിൽപനയും മറ്റുമായി 50 ശതമാനം ഹോട്ടലുകാർ പിടിച്ചുനിന്നു. അടുത്ത കാലത്തായി നിത്യോപയോഗസാധനങ്ങൾക്ക് വില കുത്തനെ കൂടിയതാണ് സമാനതകളില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ ഭാരവും താങ്ങുന്ന ജനങ്ങൾക്ക് സർക്കാറിെൻറ സൗജന്യകിറ്റ് ലഭിക്കേണ്ട സമയമാണിതെന്ന് നാട്ടുകാർ പറയുന്നു.

Leave A Reply

Your email address will not be published.