Listen live radio

സിൽവർ ലൈൻ: ഏറ്റവുംവലിയ കടമ്പക്ക് ഡി.പി.ആറിൽ പച്ചക്കൊടി; കുടിയൊഴിക്കപ്പെടുന്നവർക്ക് ഫ്ളാറ്റുകൾ

after post image
0

- Advertisement -

തിരുവനന്തപുരം: അർധാതിവേഗ തീവണ്ടിപ്പാതയായ സിൽവർ ലൈനിന് കേന്ദ്രത്തിന്റെ അന്തിമാനുമതി കിട്ടുംമുമ്പ് സ്ഥലം ഏറ്റെടുക്കാമെന്ന് വിശദ പദ്ധതിരേഖ(ഡി.പി.ആർ)യിൽ നിർദേശം. ഇതനുസരിച്ചാണ് സർക്കാർ സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങിയത്. കേന്ദ്ര റെയിൽ മന്ത്രാലയം പദ്ധതി തത്ത്വത്തിൽ അംഗീകരിച്ചതിനാൽ സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങാമെന്നാണ് വിശദ പദ്ധതിരേഖ പറയുന്നത്. ഭൂമിയേറ്റെടുക്കാൻ പണം നൽകുന്നത് സംസ്ഥാനസർക്കാരായതിനാൽ ഇതിന് കേന്ദ്രാനുമതിക്ക് കാത്തുനിൽക്കേണ്ടാ. എന്നാൽ, നിർമാണം തുടങ്ങുന്നത് അന്തിമാനുമതി കിട്ടിയശേഷമായിരിക്കണം. വിശദ പദ്ധതിരേഖയിലെ നിർദേശമനുസരിച്ചാണ് ഭൂമിയേറ്റെടുക്കാൻ പ്രത്യേക സെല്ലുകൾ സർക്കാർ തുടങ്ങിയത്.

ഏറ്റവുംവലിയ കടമ്പ സ്ഥലമേറ്റെടുക്കലാണ്. 12-18 മാസത്തിനുള്ളിൽ അത് പൂർത്തിയാക്കണമെന്ന് ഡി.പി.ആറിൽ പറയുന്നു. ഇത്തരം പദ്ധതികളിൽ 80 ശതമാനം ഭൂമിയും ഏറ്റെടുത്തശേഷമേ നിർമാണം തുടങ്ങാവൂ എന്നാണ് കേന്ദ്രത്തിന്റെ നിർദേശം. പദ്ധതി 2025-’26-ൽ പൂർത്തിയാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അക്കാര്യത്തിൽ ഡി.പി.ആർ. തീർപ്പുപറയുന്നില്ല. രണ്ടുഘട്ടങ്ങളായി നിർമാണം പൂർത്തിയാക്കുന്നതും പരിഗണിക്കുന്നു.

പദ്ധതിക്കാവശ്യമായ മുഴുവൻ പണവും കിട്ടിയാലേ 529.45 കിലോമീറ്റർ പദ്ധതി ഒറ്റയടിക്ക് പൂർത്തിയാക്കാനാവൂ. കാലതാമസംകൊണ്ട് ചെലവുകൂടാതിരിക്കാൻ ഒറ്റയടിക്ക് പൂർത്തിയാക്കുന്നതാണ് നല്ലത്. ഇതിന് പരിചയസമ്പന്നരായ വമ്പൻ കരാറുകാരെ വേണം. രാജ്യത്ത് പലയിടത്തും ഇപ്പോൾ മെട്രോ റെയിൽപ്പാതകളുടെ നിർമാണം നടക്കുന്നതിനാൽ കരാറുകാരെയും തൊഴിലാളികളെയും കിട്ടാൻ ബുദ്ധിമുട്ടുണ്ടാവും.

ഒരുമിച്ചുപൂർത്തിയാക്കിയാൽ നിർമാണഘട്ടങ്ങളിലെ അനുഭവങ്ങൾ കണക്കിലെടുത്ത് പാഠങ്ങൾ ഉൾക്കൊള്ളാനുമാവില്ല. അതിനാലാണ് രണ്ടുഘട്ടങ്ങൾ നിർദേശിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയാണ് ഒന്നാംഘട്ടം (260 കിലോമീറ്റർ). ഇത് പൂർത്തിയാക്കാൻ നാലുമുതൽ നാലരവരെ വർഷം വേണ്ടിവരും. രണ്ടാംഘട്ടം തൃശ്ശൂർമുതൽ കാസർകോടുവരെ (270 കിലോമീറ്റർ). രണ്ടുഘട്ടങ്ങളും ആറ്-ആറര വർഷംകൊണ്ട് പൂർത്തിയാക്കാം. ആദ്യ ഘട്ടത്തിലെ അനുഭവം ഉൾക്കൊണ്ട് രണ്ടാംഘട്ടം സുഗമമായി പൂർത്തിയാക്കാം. അനുമതി കിട്ടി പദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ പണത്തിന്റെയും സാധനസാമഗ്രികളുടെയും ലഭ്യത കണക്കാക്കി സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരും.

 

Leave A Reply

Your email address will not be published.