കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുൻകൂർ ജാമ്യഹർജികൾ നൽകിയിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാൽ, നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപിന്റെ വാദം. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം എടുക്കുന്നതിന് മുൻപ് ബാലചന്ദ്രകുമാർ നൽകിയ മൊഴി പരിശോധിക്കണം എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹർജിയിൽ ഇന്ന് വരെ 5 പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു.
ദിലീപിന്റെ മറ്റൊരു സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത്ത് നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ശരത്തിന്റെ വീട്ടിലും സഹോദരി ഭർത്താവ് സുരാജിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ചോദ്യം ചെയ്തും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.