Listen live radio

‘ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ പിന്നെ കേസന്വേഷിച്ചിട്ട് കാര്യമില്ല’, പ്രോസിക്യൂഷൻ

after post image
0

- Advertisement -

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷൻ. പ്രതികൾ സാധാരണക്കാരല്ല. വലിയ സ്വാധീനമുള്ളവരാണ്. ഓരോ സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിഭാഗം ഓടിക്കൂടുകയാണ്. വിചാരണക്കോടതിയിൽ വാദിക്കാൻ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ കേസിൽ നിന്ന് പിൻമാറാൻ ഒരു കാരണം ഇതാണെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു. വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് ഒരു നിമിഷത്തെ വികാരവിക്ഷോഭത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് പറഞ്ഞതല്ല ദിലീപെന്നും, അതിന് വഴി വയ്ക്കുന്ന പ്രവൃത്തികൾ ചെയ്തെന്ന് ഡിജിറ്റൽ തെളിവുകൾ അടക്കമുണ്ടെന്നുമാണ് സർക്കാർ വാദം.

പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതില്ല എന്ന് നിങ്ങളെങ്ങനെ പറയുമെന്ന് പ്രതിഭാഗം അഭിഭാഷകരോട് ഹൈക്കോടതി ചോദിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പുതിയ കേസിൽ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു.

കേസന്വേഷിക്കാൻ പൊലീസിന് അധികാരമുണ്ട് എന്നും, എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നും അതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

എന്നാൽ ബാലചന്ദ്രകുമാർ പ്രോസിക്യൂഷൻ കെട്ടിയിറക്കിയ സാക്ഷിയാണെന്നും തന്നെ ടിപ്പറിടിപ്പിച്ച് ദിലീപ് കൊല്ലാൻ ശ്രമിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്‍റെ മൊഴി വ്യാജമായി പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകർ ആരോപിക്കുന്നു.

Leave A Reply

Your email address will not be published.