Listen live radio

ട്രെയിനിലെ കാറ്ററിങ് ഇന്ന് തുടങ്ങും: പിടിമുറുക്കി ഉത്തരേന്ത്യൻ ലോബി, മലയാളരുചി അന്യമാകും

after post image
0

- Advertisement -

പാലക്കാട്: കോവിഡിനെത്തുടർന്ന് നിർത്തിയ ട്രെയിനുകളിലെ കാറ്ററിങ് സേവനം തിങ്കളാഴ്ച പുനരാരംഭിക്കും. ദീർഘദൂര ട്രെയിനിലെ പാൻട്രി കാറുകളുടെ പ്രവർത്തനം ഉത്തരേന്ത്യൻ ലോബി കൈയടക്കി. ഇതോടെ മലയാളികൾക്ക് ഉൾപ്പടെ പ്രിയപ്പെട്ട തെന്നിന്ത്യൻ രുചി ഇനി അന്യമാകും. തൊഴിലാളികളായിപ്പോലും ദക്ഷിണേന്ത്യക്കാരെ ഉൾപ്പെടുത്തിയില്ലെന്ന് പരാതിയുണ്ട്. ഉത്തരേന്ത്യൻ വിഭവങ്ങളാകും പ്രധാനമായും ലഭിക്കുക. ട്രേഡ് യൂണിയൻ പ്രവർത്തനം തടയാൻ തൊഴിലാളികളെ സ്ഥിരമായി ഒരു ട്രെയിനിൽ ജോലി ചെയ്യിക്കുന്നില്ല.

പാൻട്രി ഭക്ഷണത്തിന് നിലവാരമില്ലെന്ന ആക്ഷേപം ഏറെക്കാലമായുണ്ട്. മോശം ഭക്ഷണം, അധിക നിരക്ക് തുടങ്ങിയ പരാതികൾ ഒഴിവാക്കാൻ കൊണ്ടുവന്ന ഇ–കാറ്ററിങ്, ബേസ് കിച്ചൺ, സേഫ് കിച്ചൺ എന്നിവയും ഫലം കണ്ടില്ല. കരാറുകാരൻ ഇഷ്ടമുള്ള സ്ഥലത്ത് ഭക്ഷണമുണ്ടാക്കി ട്രെയിനിൽ വിതരണം ചെയ്യുന്ന ബേസ് കിച്ചൺ സമ്ബ്രദായം ഹ്രസ്വദൂര ട്രെയിനിലാണ് നടപ്പാക്കുന്നത്. സേഫ് കിച്ചൺ പ്രകാരം റെയിൽവേ പ്ലാറ്റ്‌ഫോമിലാണ് ഭക്ഷണമുണ്ടാക്കുന്നത്.

എന്നാൽ, നിലവാരമില്ലാത്ത ഭക്ഷണമെന്ന പരാതിക്ക് മാറ്റമില്ല. അടുത്തിടെ കൊണ്ടുവന്ന ഇ–കാറ്ററിങ്ങും കൊള്ളയടിയാണ്. 120–150 രൂപയുടെ ബിരിയാണി ഇ –കാറ്ററിങ്ങിൽ ലഭിക്കുന്നത് 250 രൂപയ്ക്ക്. ഐആർസിടിസിയുടെ ഫുഡ് ഓൺ ട്രാക്ക് എന്ന ആപ്പിലൂടെയാണ് ഭക്ഷണം ഓർഡർ ചെയ്യുക. ഇരിപ്പിടത്തിൽ ഭക്ഷണം കിട്ടുമെങ്കിലും നിലവാരം സംബന്ധിച്ച് പരാതിയുണ്ട്. ട്രെയിനിലെ പാൻട്രി കാറുകളിൽ കാര്യമായ പരിശോധനയും നടക്കാറില്ല. പ്ലാറ്റ്‌ഫോമിലെ വെൻഡർമാർ കൊണ്ടുവരുന്ന ഭക്ഷണമാണ് കൂട്ടത്തിൽ മെച്ചം. ട്രെയിനിന്റെ സമയം നോക്കി സ്റ്റേഷനിൽ തയ്യാറാക്കുന്ന ഭക്ഷണം ചൂടോടെ യാത്രക്കാരുടെ കൈകളിലെത്തും. ഇതിൽനിന്ന് കിട്ടുന്ന കമീഷനാണ് തൊഴിലാളികളുടെ വരുമാനമെന്നതിനാൽ നിലവാരത്തിൽ വിട്ടുവീഴ്ചയില്ല. മാത്രമല്ല, സ്റ്റേഷനുകളിൽ കൃത്യമായ പരിശോധനയുമുണ്ട്.

Leave A Reply

Your email address will not be published.