Listen live radio

കോളനിവാഴ്ച കാലത്തെ ദാസ്യബോധം ഇന്നും സൃഷ്ടിക്കപ്പെടുന്നു- എം.ആര്‍ രാഘവവാര്യര്‍

after post image
0

- Advertisement -

കോളനി വാഴ്ചയുടെ സ്വഭാവമായ ദാസ്യ ബോധം വര്‍ത്തമാന കാലത്തും സൃഷ്ടിക്കപ്പെടുന്നുവെന്ന് ചരിത്രകാരനായ ഡോ.എം.ആര്‍. രാഘവവാര്യര്‍ പറഞ്ഞു. ആസാദി കാ അമൃദ് മഹോത്സവിനോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ലൈബ്രറി കൗണ്‍സിലും മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. സമകാലിക ചരിത്ര വസ്തുതകള്‍ സൗകര്യത്തിന് അനുസരിച്ച് വിനിമയം ചെയ്യുന്ന കാലഘട്ടമാണിന്ന്. ഗാന്ധിജിയെ പോലുള്ള ധീര ദേശാഭിമാനികള്‍ കോളനി വാഴ്ചകളുടെ ദാസ്യ ബോധത്തെയാണ് മറികടന്നത്. ഇന്ത്യന്‍ ദേശീയതയുടെ പിന്നിട്ട 75 വര്‍ഷക്കാലയളവിലും നാഴികകല്ലാണ് സ്വാതന്ത്ര്യത്തിന്റെ അഭിമാന മുഹൂര്‍ത്തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ദേഹദാസ്യത്തെ സത്യഗ്രഹത്തിലൂടെയും ജീവനദാസ്യത്തെ ഉപ്പ് സത്യഗ്രഹത്തിലൂടെയും ജ്ഞാനദാസ്യത്തെ അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യ സമരകാലത്ത് ഉണ്ടായി. ആയൂര്‍വേദം പോലുള്ള ഭാരതീയ വൈജ്ഞാനിക മേഖല പോലും അന്ധവിശ്വാസമാണെന്ന തരത്തിലുള്ള പാശ്ചാത്യരുടെ പ്രചാരണത്തെ അതിജീവിക്കാനും കഴിഞ്ഞു. പുതിയ സാഹചര്യത്തില്‍ നേരിന്റെ ചരിത്രബോധം പുതിയ തലമുറയ്ക്ക് അനിവാര്യമാണെന്നും രാഘവവാര്യര്‍ പറഞ്ഞു.

മതനിരപേക്ഷത, സാമൂഹിക നീതി, സാമ്പത്തിക സ്വാശ്രയത്വം എന്നീ വിഷയങ്ങളെ എങ്ങനെ ഉള്‍കൊള്ളുന്നുവെന്നത് പ്രധാനമാണെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മലബാര്‍ മേഖല നല്‍കിയ പിന്തുണ വലുതാണെന്നും ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ സെമിനാറില്‍ പറഞ്ഞു. ഓരോ ഗ്രാമത്തിനും ഓരോ സമരനായകന്‍മാരുടെ കഥ പറയാനുണ്ടാകുമെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു പുതുതലമുറയോടുള്ള അദ്ദേഹത്തിന്റെ പാട്ടുകലര്‍ന്ന സംഭാഷണങ്ങള്‍. സാമൂഹികമായ ഇടപെടലുകള്‍ ആവശ്യമായ ഇടങ്ങളില്‍ അത്തരം ഇടപെടലുകള്‍ നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave A Reply

Your email address will not be published.