Listen live radio

ജില്ലയില്‍ 776 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍

after post image
0

- Advertisement -

ജില്ലയില്‍ 776 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തിലായതായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10753 ആണ്. 8 പേര്‍ ആസ്പത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7 സാമ്പിളുകള്‍ പുതുതായി പരിശോധനയ്ക്കയച്ചു. ഇതുവരെ 127 സാമ്പിളുകള്‍ അയച്ചതില്‍ 107 എണ്ണം നെഗറ്റീവാണ്. 17 പേരുടെ ഫലം ലഭിക്കാനുണ്ട്. 3 കേസുകളാണ് ജില്ലയില്‍ പോസിറ്റീവായിട്ടുളളത്. പതിനാല് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ 2479 ആണ്. ജില്ലയില്‍ 29 സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നതായും കളക്ടര്‍ അറിയിച്ചു.
രോഗികള്‍ക്കായി സൗഖ്യം ടെലി മെഡിസിന്‍ യൂണിറ്റ്
കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്ന് തുടര്‍ചികിത്സ ലഭ്യമാവാന്‍ സാധിക്കാത്ത രോഗികള്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകുടം സൗഖ്യം ടെലി മെഡിസിന്‍ സംവിധാനം ഒരുക്കി. രോഗികള്‍ക്ക് ആശുപത്രികളില്‍ പോകാതെ ഡോക്ടറുടെ സേവനം വീഡിയോ കോള്‍ വഴിയോ, ഫോണ്‍ കോള്‍ വഴിയോ ഇതോടെ ലഭ്യമാക്കും. ആര്‍.സി.സി, ശ്രീ ചിത്ര, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മറ്റ് മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രികള്‍ തുടങ്ങി ജില്ലയ്ക്ക് പുറത്ത് നിന്ന് തുടര്‍ചികിത്സ നടത്തുന്ന രോഗികള്‍ക്കാണ് ഈ സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്.  ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് ടെലി മെഡിസിന്‍ യൂണിറ്റുകളുളളത്. പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധ്യമല്ല. ക്വാറന്റയിന്‍ ഇല്ലാത്ത രോഗികള്‍ക്ക് മാത്രമാണ് സേവനം ലഭിക്കുക.
തിരുവനന്തപുരത്തെ എസ്.സി.റ്റി ആശുപത്രിയുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി  ടെലിമെഡിസിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാവിധ ആധുനിക സംവിധാനങ്ങളുളള രണ്ട് വാനുകളും വിദഗ്ദ പരിശീലനം ലഭിച്ച ഡോക്ടര്‍മാരടങ്ങുന്ന സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, മാനന്തവാടി ഗവ.സ്‌കൂള്‍ പരിസരത്തുമാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ടെലിമെഡിസിന്‍ സൗകര്യം ആവശ്യമുള്ളവര്‍ക്ക് 04936 203400 എന്ന കാള്‍സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാം. നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം കാണിക്കാനാഗ്രഹിക്കുന്ന ഡോക്ടറുടേയോ അല്ലെങ്കില്‍ അതേ ഡിഗ്രിയുള്ള മറ്റ് ഡോക്ടര്‍മാരുടേയോ സമയം ലഭ്യമാക്കിയ ശേഷം തിരിച്ചു വിളിച്ച്, സ്ഥലവും സമയവും അറിയിക്കും. നേരിട്ട് ചികിത്സ കേന്ദ്രത്തിലേക്ക് രോഗികള്‍ എത്തരുത്. നോഡല്‍ ഓഫീസര്‍ ഡോ.കെ.കെ മുഹമ്മദ് അസ്‌ലത്തിന്റെ നേതൃത്വത്തിലാണ് ടെലി മെഡിസിന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

Leave A Reply

Your email address will not be published.