Listen live radio

ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പിന്തുണച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസും

after post image
0

- Advertisement -

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ പങ്കെടുക്കും. എല്ലാ എന്‍ഡിഎ സഖ്യകക്ഷികളോടും പത്രികാ സമര്‍പ്പണ വേളയില്‍ സംബന്ധിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

 

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി ഒഡീഷയില്‍ നിന്നും ഇന്നലെ ദ്രൗപദി മുര്‍മു ഡല്‍ഹിയിലെത്തിയിരുന്നു. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ വസതിയില്‍ വെച്ചായിരുന്നു നോമിനേഷനുമായി ബന്ധപ്പെട്ട പേപ്പറുകള്‍ തയ്യാറാക്കിയത്. നാമനിര്‍ദേശപത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ പിന്താങ്ങുന്നുണ്ട്.

ഇന്നലെ  ഡൽഹിയിലെത്തിയ ദ്രൗപദി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ദ്രൗപദി മുര്‍മുവിന് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചു. ഗോത്ര വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പമാണ് താനെപ്പോഴുമെന്ന് ജഗൻ മോഹൻ റെഡ്ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനതാദള്‍ യുണൈറ്റഡ്, ബിജു ജനതാദള്‍ പാര്‍ട്ടികളും ദ്രൗപദിക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഒഡീഷയില്‍ നിന്നുള്ള ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട നേതാവാണ് 64 കാരിയായ ദ്രൗപദി മുര്‍മു. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 21 ന് ഫലം പ്രഖ്യാപിക്കും.

Leave A Reply

Your email address will not be published.