Listen live radio

‘കടക്കുപുറത്ത് എന്നൊന്നും ഈ ചങ്കന്മാരുടെ അടുത്തുവേണ്ട; പിണറായിയെ തൂത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കും’

after post image
0

- Advertisement -

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് സമരസമിതി.  വളരെയേറെ കള്ളങ്ങള്‍ കുത്തിനിറച്ച പ്രസ്താവനയാണ് ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന്‍ നിയമസഭയില്‍ നടത്തിയതെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കളിയാക്കുകയാണ് മന്ത്രി നിയമസഭയില്‍ ചെയ്തത്. സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

അദാനി അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന ഈ പോര്‍ട്ടിനെ ഇവിടെ നിന്നും എന്നെന്നേക്കുമായി നിര്‍ത്തലാക്കാതെ മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ നിന്നും അണുവിട വ്യതിചലിക്കില്ല. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെയാണ് സംസാരിക്കുന്നത്. ഇവിടെ ആര്‍ക്കും തൊഴിലുകള്‍ ഉണ്ടാകാന്‍ പോകുന്നില്ല.

500ല്‍ താഴെ ജോലിസാധ്യത മാത്രമാണുള്ളത്. അതും കണ്ടെയ്‌നര്‍ ഓപ്പറേറ്റേഴ്‌സിനുള്ള ജോലിയാണ്. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരെങ്കിലും കൈക്കൂലി പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരിച്ചു കൊടുത്ത് മിണ്ടാതെ തിരിച്ചുപോകാന്‍ അദാനിയോട് പറയണം. അല്ലാതെ മത്സ്യത്തൊഴിലാളികളുടെ സ്വത്തിനും ജീവനോപാധിക്കും തൊഴിലിടങ്ങള്‍ക്കും ഗുരുതരമായ നാശം വരുത്തുന്ന പദ്ധതി നടപ്പാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ സമ്മതിക്കുന്ന പ്രശ്‌നമില്ല.

ഈ പദ്ധതി നിര്‍ത്തിവെച്ചുകൊണ്ടേ സമരം അവസാനിപ്പിക്കൂ. അല്ലെങ്കില്‍ 50,000 വരുന്ന മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ സമൂലം നശിപ്പിച്ചതിനുശേഷം മാത്രമേ ഈ പോര്‍ട്ടില്‍ ഇനി പണികള്‍ നടക്കുകയുള്ളൂ. ഇന്ന് ബീമാപ്പള്ളിയിലെ സഹോദരങ്ങളും സമരത്തില്‍ അണിചേരും. 29ന് പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ വള്ളങ്ങള്‍ നിരനിരയായി സമരപരമ്പര അരങ്ങേറുമെന്നും കണ്‍വീനര്‍ പറഞ്ഞു.

പൂന്തുറ മുതല്‍ വലിയവേളി വരെയുള്ള ഗ്രാമങ്ങളെല്ലാം കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ എവിടെയാണ് 3000 രൂപ വാടകയ്ക്ക് വീടു ലഭിക്കുക. കഴിഞ്ഞതവണ യോഗത്തില്‍ കലക്ടറും മന്ത്രിയും പറഞ്ഞത് 15,000 രൂപ വാടക നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നാണ്. ആ വാക്കാണ് ഇപ്പോള്‍ വിഴുങ്ങിയത്. എത്ര നികൃഷ്ടമാണിത്.

വാ തുറന്നാല്‍ നികൃഷ്ട ജീവി, കടക്കുപുറത്ത് എന്നു പറയുന്ന ആ ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്തുവേണ്ട. ഇതു മത്സ്യത്തൊഴിലാളികളുടെ സമരമാണ്. ഇതു വിജയിപ്പിച്ചേ അടങ്ങുകയുള്ളൂ. പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും ഞങ്ങള്‍ ജയിച്ചിട്ടേ അടങ്ങുകയുള്ളൂവെന്ന് ഫാദര്‍ തിയോഡേഷ്യസ് പറഞ്ഞു.

Leave A Reply

Your email address will not be published.