Listen live radio

ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല; മഴു കൊണ്ട് വെട്ടിപ്പൊളിച്ചു; ചികിത്സ വൈകി വയോധികൻ മരിച്ചു

after post image
0

- Advertisement -

കോഴിക്കോട്: ആബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാത്ത വിധത്തിൽ അടഞ്ഞു പോയതിനെ തുടർന്ന് ഏറെ നേരം അകത്തു കുടുങ്ങിയ രോ​ഗി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ്പി ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്.

 

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണു സംഭവം. സ്കൂട്ടറിടിച്ചു സാരമായി പരിക്കേറ്റ നിലയിൽ ഗവ. ബീച്ച് ആശുപത്രിയിലാണ് ഇയാളെ ആദ്യം എത്തിച്ചത്. പിന്നീട് ഇവിടെ നിന്നു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. ഒടുവിൽ മഴു ഉപയോഗിച്ചു വാതിൽ പ്പൊളിക്കുകയായിരുന്നു.

പിന്നാലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമോൻ അരമണിക്കൂറോളം ആംബുലൻസിനകത്ത് കുടുങ്ങിയതായി ബന്ധുക്കൾ പറയുന്നു.

ചെറൂട്ടി റോഡിലെ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ കോയമോൻ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു സ്കൂട്ടർ ഇടിച്ചത്. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സ്ഥിതി ഗുരുതരമായി. ഉടൻ തന്നെ മെഡിക്കൽ കോളജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. ബീച്ച് ആശുപത്രിയിലെ ആംബുലൻസിലാണ് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്.

ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ രണ്ട് പേരും ആംബുലൻസിലുണ്ടായിരുന്നു. മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോൾ അകത്തുള്ളവർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും ഫലിച്ചില്ല.

അതിനിടെ ആംബുലൻസ് ഡ്രൈവർ പുറത്തിറങ്ങി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് വാതിൽ തുറക്കാൻ നോക്കിയിട്ടും നടന്നില്ല. അതിനിടെയിലാണ് ഒരാൾ ചെറിയ മഴു ഉപയോ​ഗിച്ച് വാതിൽ വെട്ടിപ്പൊളിച്ച് കോയമോനെ പുറത്തെടുത്തത്.

Leave A Reply

Your email address will not be published.