Listen live radio

ഇന്ന് ലോക പാര്‍പ്പിട ദിനം

ഒക്ടാബറിലെ ആദ്യത്തെ തിങ്കളാഴ്ച ലോക പാർപ്പിട ദിനമായി ആചരിച്ചു വരുന്നു

after post image
0

- Advertisement -

1985 മുതൽ ഐക്യരാഷ്ട്രസഭ ഒക്ടാബറിലെ ആദ്യത്തെ തിങ്കളാഴ്ച ലോക പാർപ്പിട ദിനമായി ആചരിച്ചു വരുന്നു.

ലോകത്തെമ്പാടുമുള്ള എല്ലാ മനുഷ്യരുടെയും ജീവിത സ്വപ്‌നമാണ് തല ചായ്ക്കാന്‍ ഒരിടം. പാര്‍പ്പിടം എന്നത് ഓരോ മനുഷ്യരുടെയും അവകാശമാണെന്ന ഓര്‍മപ്പെടുത്തലാണ് പാര്‍പ്പിട ദിനം ആചരിക്കുന്നതിലെ അന്തഃസത്ത. ഐക്യരാഷ്ട്രസഭ 1948-ല്‍ കിടപ്പാടവും പാര്‍പ്പിടവും മനുഷ്യന്റെ മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എല്ലാവര്‍ക്കും പാര്‍പ്പിടം നല്‍കാനുള്ള ഭരണപരമായ ഉത്തരവാദിത്തം എല്ലാ രാഷ്ട്രങ്ങള്‍ക്കും ഉണ്ടെന്നതായിരുന്നു ഈ സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ അടിവരയിട്ട് പറഞ്ഞത്. പാര്‍പ്പിട ദിനത്തിന്റെ ചിന്താവിഷയം ‘സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവുള്ള വീട്” എന്ന സന്ദേശമാണ്.
1948-ലെ അന്താരാഷ്ട്ര പ്രഖ്യാപനത്തിന് ശേഷം പല പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മൂന്നാം ലോക രാഷ്ട്രങ്ങളില്‍ പാര്‍പ്പിട പ്രശ്‌നം അതിരൂക്ഷമായി തുടരുകയാണ്. നമ്മുടെ രാജ്യത്തെ സ്ഥിതിയും വ്യത്യസ്തമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭവനനിര്‍മാണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 18.78 ദശലക്ഷം വീടുകളുടെ കുറവ് ഉണ്ട്. ഇതില്‍ 56 ശതമാനവും ആവശ്യമായി വരുന്നത് സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കാണ്. കൂടാതെ 40 ശതമാനത്തോളം താഴ്ന്ന വരുമാനക്കാര്‍ക്കാവശ്യമായവയാണ്. രാജ്യത്ത് അതിവേഗത്തില്‍ നടക്കുന്ന നഗരവല്‍ക്കരണം വന്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 2011-ലെ സെന്‍സസ് അനുസരിച്ച് നഗര ജനസംഖ്യ വളര്‍ച്ചനിരക്ക് 2.76 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. നഗരങ്ങളിലെ ജനസംഖ്യാവര്‍ധനവിന് അനുസൃതമായി പാര്‍പ്പിടവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയെന്നത് വരും കാലങ്ങളില്‍ വന്‍ വെല്ലുവിളി ഉയര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ പൊതു ഇടപെടലുകളിലൂടെ പാര്‍പ്പിട രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വന്‍ പരിഗണന നല്‍കിയതിന്റെ ഫലമായി പാര്‍പ്പിട മേഖലയില്‍ അത്ഭുതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍ 1956-ല്‍ ആരംഭിച്ചതും 1970-ല്‍ സമഗ്രമായി നടപ്പിലാക്കിയതുമായി ഭൂപരിഷ്‌കരണ നിയമം നമ്മുടെ സംസ്ഥാനത്ത് ഭവന നിര്‍മ്മാണ മേഖലയില്‍ മുന്നേറ്റം നടത്തുന്നതിന് അടിത്തറ പാകിയത്. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച പാര്‍പ്പിട സൗകര്യമുള്ള മേഖലയായി നമ്മുടെ സംസ്ഥാനം മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിന് നാം നന്ദി പറയേണ്ടത് 1971-ല്‍ ഭവന മേഖലയില്‍ ഭാവനാപൂര്‍ണമായ കര്‍മ്മപരിപാടികള്‍ പ്രത്യേകിച്ച് ലക്ഷംവീട് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ അന്നത്തെ ഭവനനിര്‍മാണ വകുപ്പ് മന്ത്രി എം എന്‍ ഗോവിന്ദന്‍ നായരോടും മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനോടും ആണ്. രാജ്യത്ത് ആദ്യമായി വന്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കിയ ഭവന പദ്ധതിയായിരുന്നു ലക്ഷംവീട് പദ്ധതി. പതിനായിരക്കണക്കിന് തലചായ്ക്കാന്‍ ഇടമില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കാന്‍ ലക്ഷംവീട് പദ്ധതിയിലൂടെ കഴിഞ്ഞു. ഒരു സംസ്ഥാന സര്‍ക്കാന്‍ ഇത്രയും വലിയ ഒരു ഭവന പദ്ധതി സമഗ്രമായി നടപ്പാക്കുന്നത് ഒരുപക്ഷെ ചരിത്രത്തില്‍ ആദ്യമായിരിക്കും. ലക്ഷംവീട് പദ്ധതിക്ക് ആഗോളതലത്തില്‍ പോലും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണ്. തുടര്‍ന്ന് ജനകീയാസൂത്രണ പദ്ധിതിയിലൂടെയും ഇഎംഎസ് ഭവന പദ്ധതിയിലൂടെയും ഭവന നിര്‍മ്മാണ മേഖല മുന്നേറ്റം കൈവരിച്ചു. ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ മൈത്രി ഭവന പദ്ധതി ഈ മേഖലയില്‍ വന്‍ കുതിപ്പ് ഉണ്ടാക്കി.
പാര്‍പ്പിട മേഖലയില്‍ എണ്ണത്തിന്റെ കാര്യത്തില്‍ മാത്രമല്ല നിലവാരത്തിന്റെ കാര്യത്തിലും മുന്നോട്ടു പോകാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. 2011 സെന്‍സസ് അനുസരിച്ച് നമ്മുടെ സംസ്ഥാനത്തെ വീടുകളില്‍ 80 ശതമാനത്തിനും സുസ്ഥിരമായ ചുമരുകളോടു കൂടിയതും മേല്‍ക്കൂരയുള്ളതുമായ ഉറപ്പുള്ള വീടുകളാണ്. 77 ശതമാനം വീടുകള്‍ക്കും കുടിവെള്ള ലഭ്യതയ്ക്ക് സൗകര്യമുണ്ട്. വീടുകളില്‍ 92 ശതമാനത്തിനും കുറഞ്ഞത് രണ്ട് മുറികള്‍ വീതമുള്ളവയാണ്. 95 ശതമാനത്തിനും ശൗചാലയ സൗകര്യം ഉള്ളവയും വൈദ്യുതീകരിച്ചവയും ആണ്. ഇങ്ങനെ ഭാവനാപൂര്‍ണമായ പൊതു ഇടപെടലുകളുടെ ഫലമായി പല കാര്യങ്ങളിലും ദേശീയ നിരക്കിനെക്കാള്‍ ഉയര്‍ന്ന നില കൈവരിക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമാണ്. ഇതിന് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡും സംസ്ഥാന നിര്‍മ്മിതി കേന്ദ്രവും ജില്ലാ നിര്‍മിതി കേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ ഭവന നിര്‍മ്മാണ സഹകരണ സംഘങ്ങളും മറ്റു സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയ സംഭാവനകളും സ്മരിക്കേണ്ടതുണ്ട്.
ഭവന നിര്‍മാണ മേഖല വളരെയേറെ മുന്നോട്ട് പോയെങ്കിലും വീടില്ലാത്തവരും വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരും തകര്‍ന്ന വീട്ടില്‍ താമസിക്കുന്നവരുമായി ലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട് എന്നത് ആശങ്കാജനകമാണ്. 2015-ല്‍ ആസൂത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 4.32 ലക്ഷം കുടുംബങ്ങള്‍ക്ക് വീടില്ല. ഇതില്‍ 1.58 ലക്ഷം പേര്‍ വീടും ഭൂമിയും ഇല്ലാത്തവരാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പാര്‍പ്പിടം ഒരുക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ മിഷന്‍ അഥവാ ലൈഫ് പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന പാര്‍പ്പിട രംഗത്തെ കേരള മാതൃകയാണ് ഈ പദ്ധതിയിലൂടെ വിഭാവന ചെയ്തിരിക്കുന്നത്.
പാര്‍പ്പിട മേഖല ഇന്ന് ബഹുവിധമായ പ്രശ്‌നങ്ങള്‍ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് ഉയര്‍ന്ന ഭവനനിര്‍മാണ ചെലവ്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്ത് പുത്തന്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഫലമായി ഭൂമി സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയാത്ത വിധം വിലയുള്ളതായി തീര്‍ന്നിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഭൂമിയുടെ ദൗര്‍ലഭ്യം ഈ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. പൊതു വിപണിയില്‍ നിര്‍മാണ സാമഗ്രികള്‍ അനിയന്ത്രിതമായ വിലക്കയറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രകൃതി സൗഹൃദ നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെത്തുക എന്നതാണ്. പ്രകൃതിക്ക് ഇണങ്ങുന്ന സുസ്ഥിര വാസത്തിന് യോജിച്ച നിര്‍മ്മാണ സാമഗ്രികള്‍ സാര്‍വത്രികമായി ഉപയോഗിക്കേണ്ടിയിരിക്കുന്നു. പ്രകൃതി സൗഹൃദ വിഭവങ്ങളുടെ ലഭ്യത വിലയിരുത്തികൊണ്ടുള്ള പ്രകൃതി സൗഹൃദ ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നു. അശാസ്ത്രീയമായ നിര്‍മാണ രീതികള്‍ വഴി പാഴ്‌ച്ചെലവും പ്രകൃതി നാശവും വ്യാപകമാകുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ നിര്‍മ്മാണ രീതികള്‍ അവലംബിച്ച് ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നു. ചെലവ് കുറഞ്ഞ വീട് എന്ന ആശയം അവലംബിച്ച് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കപ്പെടേണ്ടതുണ്ട്. പ്രീഫാബ് സാങ്കേതിക വിദ്യ ഇപ്പോള്‍ തന്നെ പ്രചാരത്തിലുണ്ട്. ഇത് പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന നിര്‍മിതി കേന്ദ്രം, സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് എന്നിവ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. കൂടാതെ ചെലവ് കുറഞ്ഞ കെട്ടിട നിര്‍മ്മാണ രീതികള്‍ ലൈഫ് മിഷനിലൂടെ പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. കേരളത്തിന്റെ തനത് പാര്‍പ്പിട ശൈലി മനോഹാരിതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും പ്രശസ്തി ആര്‍ജ്ജിച്ചതാണ്. ഇവ തിരികെ കൊണ്ടുവരാനുള്ള നയപരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഞ്ച് ലക്ഷം പേര്‍ക്ക് പാര്‍പ്പിടം ഇല്ല എന്നത്. അഞ്ച് വര്‍ഷം കൊണ്ട് എല്ലാ വിഭാഗം ജനങ്ങള്‍ക്കും പാര്‍പ്പിടം ഒരുക്കുക എന്ന ആശയം നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.