Listen live radio

‘അവര്‍ എവിടെയും പോയതല്ലെന്ന് തോന്നല്‍’; മങ്ങിയ സിസിടിവി ദൃശ്യം നിര്‍ണായകമായി; ‘തുമ്പില്‍’ പിടിച്ചുകയറി കൊച്ചി പൊലീസ്

after post image
0

- Advertisement -

കൊച്ചി:  ഒരു മങ്ങിയ ദൃശ്യത്തില്‍ നിന്നാണ്  ഇരട്ട നരബലിക്കേസില്‍ നിര്‍ണായക തെളിവു ലഭിച്ചതെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കൊച്ചി ഡിസിപി എസ് ശശിധരന്‍. കടവന്ത്രയില്‍നിന്നു പത്മ എന്ന സ്ത്രീയെ കാണാതായ കേസ് റജിസ്റ്റര്‍ ചെയ്തതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇതു കൊലപാതകമാണ്, അവര്‍ എവിടെയും പോയതല്ല എന്നു മനസിലൊരു തോന്നലുണ്ടായി. ആ തോന്നലിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചു.

 

പത്മ തിരോധാനക്കേസ് ഒരു ഹെര്‍ക്കുലിയന്‍ ടാസ്‌ക് ആയിരുന്നു. കൊച്ചിയില്‍ അരിച്ചുപെറുക്കിയായിരുന്നു അന്വേഷണം. കൊച്ചിയിലെ ചിറ്റൂര്‍ റോഡില്‍ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തു നിന്നും പത്മ ഒരു വാഹനത്തില്‍ കയറുന്നതിന്റെ തെളിച്ചമില്ലാത്ത ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നും ഡിസിസി ശശിധരന്‍ പറഞ്ഞു. വെള്ള സ്‌കോര്‍പിയോ കാറിലാണ് പത്മ പോയത്.

തുടര്‍ന്നുള്ള അന്വേഷണം തിരുവല്ല വരെയെത്തി. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഫിയെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കൊടുംകുറ്റവാളിയായ ഷാഫിയില്‍ നിന്നും വിവരങ്ങളൊന്നും കിട്ടിയില്ല. ലൈലയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തെളിവുകളുടേയും അന്വേഷണ തന്ത്രങ്ങളുടേയും അടിസ്ഥാനത്തില്‍ സത്യം പുറത്തുകൊണ്ടു വരികയായിരുന്നു.

ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷമാണ് ഭ​ഗവൽ സിങ്, ലൈല ദമ്പതികൾ ഷാഫിക്ക് കൈമാറിയത്. പിന്നെയും പണം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ  അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിന് കത്തികളും വെട്ടുകത്തിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആയുധങ്ങളുടെ കാര്യത്തിൽ ഇനിയും അന്വേഷണം നടത്തേണ്ടതുണ്ട്. ഇവർക്ക് സാമ്പത്തിക ബാധ്യതകളുണ്ട് എന്ന് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഈ വീട്ടിൽ നിന്ന് ഒരു പുസ്തകം കണ്ടെത്തിയിട്ടുണ്ട്. ആഭിചാരക്രിയയുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യം പരിശോധിക്കുമെന്നും കൊച്ചി ഡിസിപി പറഞ്ഞു.

Leave A Reply

Your email address will not be published.