Listen live radio

ബാണാസുര സാഗർ; കനാലിൻ്റെ നിർമ്മാണം 2025 ൽ ഭാഗികമായി പൂർത്തീകരിക്കും – മന്ത്രി റോഷി അഗസ്റ്റിൻ

after post image
0

- Advertisement -

ബാണാസുര സാഗർ പദ്ധതിയിലെ കനാലിൻ്റെ നിർമ്മാണം 2025 ഡിസംബറോടെ ഭാഗികമായി പൂർത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പടിഞ്ഞാറത്തറ, കോട്ടത്തറ എന്നീ പഞ്ചായത്തുകളിലെ കാർഷിക അഭിവൃദ്ധിക്കായി ജലവിഭവ വകുപ്പ് ബാണാസുര സാഗർ ജലസേചന പദ്ധതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനായി രൂപീകരിച്ച പടിഞ്ഞാറത്തറ ബി.എസ്.പി അഡീഷണൽ സബ് ഡിവിഷൻ നമ്പർ 2 കാര്യാലയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജലസംഭരണികൾ നാടിന് ആവശ്യമാണ്. ജല വകുപ്പിനെ കാർഷിക സൗഹൃദ വകുപ്പാക്കി മാറ്റും. പദ്ധതിയുടെ നടത്തിപ്പിന് വകുപ്പിൽ ജീവനക്കാരുടെ അഭാവമുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിൻ്റെ വികസനത്തിന് ജല വിഭവവകുപ്പ് എല്ലാ വിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. ബാണാസുര സാഗർ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് ഐ ഡബ്ള്യു.ആർ സബ് ഡിവിഷൻ നമ്പർ 1 എന്ന ഓഫീസ് പടിഞ്ഞാറത്തറ ബി.എസ്.പി അഡീഷണൽ സബ് ഡിവിഷൻ നമ്പർ 2 എന്ന പേരിൽ പുനർനാമകരണം ചെയ്ത ഓഫീസിൻ്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. എക്സിക്യുട്ടീവ് എഞ്ചിനീയർ ആർ. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ ജലസേചന സൗകര്യം പരിപോഷിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത ബാണാസുര സാഗർ പദ്ധതിയിലെ പ്രധാന കനാലിൻ്റെ 2360 മീറ്റർ ദൂരത്തിൻ്റെ നിർമ്മാണ പ്രവൃത്തിയും വെണ്ണിയോട് ബ്രാഞ്ച് കനാലിൻ്റെ 1460 മീറ്റർ നീളത്തിൻ്റെയും പടിഞ്ഞാറത്തറ ബ്രാഞ്ച് കനാലിൻ്റെ 197 മീറ്റർ നീളത്തിൻ്റെയും നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ഡൈവേർഷൻ ചേമ്പറിൻ്റെ നിർമ്മാണവും പൂർത്തീകരിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എം. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ അസ്മ, വാർഡ് മെമ്പർ റഷീദ് വാഴയിൽ, കേരള സിറാമിക് ലിമിറ്റഡ് ചെയർമാൻ കെ.ജെ ദേവസ്യ, ചീഫ് എഞ്ചിനീയർ എം. ശിവദാസൻ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.എ വിശാല തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Leave A Reply

Your email address will not be published.