Listen live radio

പള്ളിക്കുന്ന് ക്ഷീര സംഘം: ആരോപണം അടിസ്ഥാനരഹിതമെന്ന്

after post image
0

- Advertisement -

കല്‍പറ്റ: പള്ളിക്കുന്ന് ക്ഷീരസംഘത്തില്‍നിന്നു ധനാപഹരണം നടത്തിയെന്ന ആരോപണം നിഷേധിച്ച് മുന്‍ ഭരണ സമിതിയംഗങ്ങള്‍. വസ്തുതകള്‍ മനസിലാക്കാതെയും രാഷ്ട്രീയ പ്രേരിതവുമായാണ് നിലവിലെ ഭരണമതിയില്‍പ്പെട്ട ചിലര്‍ ആരോപണം ഉന്നയിക്കുന്നതെന്നു മുന്‍ ഭരണസമിതി അംഗങ്ങളായ ഒ.വി.അപ്പച്ചന്‍, കെ.വി.വര്‍ക്കി, പി.എം.ജോസഫ്, എ.ഡി.മാത്യു, സുനില്‍ ബാബു, പി.എ.തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
53,13,503 രൂപ സംഘത്തിന് നഷ്ടംവരുത്തി എന്ന കാരണം പറഞ്ഞാണ് മുന്‍ ഭരണ സമിതിയെ 2020ല്‍ പിരിച്ചുവിട്ടത്. എന്‍ക്വയറി ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ ഇടതു സര്‍ക്കാരിന്റെ പരോക്ഷ പിന്തുണയോടെ വ്യാജമായി ചമച്ച റിപ്പോര്‍ട്ടാണ് ഭരണസമിതി പിരിച്ചുവിടുന്നതിനു ആധാരമാക്കിയത്. അക്കൗണ്ടിംഗിന്റെ ബാലപാഠം പോലും അറിയാത്ത രണ്ട് ഡയറക്ടര്‍മാര്‍ മുന്‍വിധിയോടെ തയാറാക്കിയതാണ് റിപ്പോര്‍ട്ട്.
ജില്ലാ സഹകരണ ബാങ്കില്‍നിന്ന് 80 ലക്ഷം രൂപ വായ്പയും സര്‍ക്കാരില്‍നിന്നു 29,95,000 രൂപയും പുതിയ കെട്ടിടം പണിക്കും മെഷിനറികള്‍ വാങ്ങുന്നതിനുമായി ലഭിച്ചിരുന്നു. കെട്ടിടം പണി കരാറെടുത്തയാള്‍ക്ക്
78,85000 രൂപയും മില്‍ക്ക് പ്രൊഡക്ഷന്‍ യൂനിറ്റിലേക്കുള്ള മെഷിനറികള്‍ക്കായി 30 ലക്ഷം രൂപയും സംഘം നല്‍കി. ഇക്കാര്യം കണക്കുകള്‍ പരിശോധിച്ച സബ് കമ്മിറ്റി അംഗങ്ങളും സര്‍ക്കാര്‍ ഓഡിറ്ററും ശരിവയ്ക്കുന്നുണ്ട്. എന്നാല്‍ 2018 മാര്‍ച്ച് 31 വരെ 42,29,640 രൂപ ജില്ലാ സഹകരണ ബാങ്കിലേക്ക് മുതലും പലിശയുമടക്കം തിരിച്ചടച്ചത് ബോധപൂര്‍വം കണക്കിലെടുത്തില്ല. ജില്ലാ ബാങ്കിലേക്ക് തിരിച്ചടിച്ച തുകയുടെ കാര്യം മനഃപൂര്‍വം മറച്ചുവച്ചവര്‍ സംഘത്തില്‍ കണ്ടെത്തിയ സസ്‌പെന്‍സ് വൗച്ചറുകളും ബാങ്കില്‍ നിന്നും പിന്‍വലിച്ച തുകകളും ഇരട്ടിപ്പിച്ചുകാണിച്ച് കണക്കുകള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. ബാങ്കില്‍നിന്നു എടുത്ത വായ്പയിലേക്ക് ഗഡുക്കളായി തിരിച്ചടച്ച തുക ചെലവില്‍ ഉള്‍പ്പെടുത്താതെയാണ് ധനാപഹരണം നടന്നുവെന്നു ചിത്രീകരിച്ചത്.
സംഘം മുന്‍ ഭരണ സമിതിയംഗങ്ങള്‍ക്കെതിരെ സഹകര ചട്ടം 68(2) പ്രകാരം ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ സര്‍ചാര്‍ജ് ഉത്തരവായിരുന്നു. ഇത് ഹൈക്കോടതി ഏപ്രില്‍ നാലിന് സ്റ്റേ ചെയ്തിട്ടുണ്ട്. സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താനും രാഷ്ട്രീയമായി ദുര്‍ബലപ്പെടുത്താനുമുള്ള നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്‍ ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.