Listen live radio

വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണം: അധ്യാപക രക്ഷാകര്‍തൃസമിതി

after post image
0

- Advertisement -

നീര്‍വാരം: വിദ്യാലയ പരിധിയില്‍ ഉള്‍പ്പെടുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നീര്‍വാരം ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി ആവശ്യപ്പെട്ടു.മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാവാഹിനി സൗകര്യം ഏര്‍പ്പെടുത്തി അനുമതി നല്‍കിയ ഉത്തരവില്‍ , ഓരോ സ്‌കൂളുകള്‍ക്കും പ്രത്യേകം പ്രത്യേകം ക്യാച്ച്മെന്റ് ഏരിയകള്‍ നിശ്ചയിച്ചു നല്‍കിയിരുന്നു. അപ്രകാരം നിശ്ചയിച്ച പ്രദേശങ്ങളില്‍ നിന്നും വിദ്യാവാഹിനി സൗകര്യം ഇല്ലാത്ത എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിലേക്ക് മാനേജ്‌മെന്റ് ഇടപെട്ട് രക്ഷിതാക്കള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാര്‍ഥികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്‌കൂളുകളില്‍ ചേര്‍ക്കുന്ന രീതിയുണ്ടെന്നും,
എന്നാല്‍ അധ്യയനം ആരംഭിച്ച് ആദ്യ മാസങ്ങള്‍ക്കുശേഷം ഈ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതില്‍ പ്രസ്തുത വിദ്യാലയങ്ങള്‍ ഗുരുതരമായ അലംഭാവം കാട്ടുന്ന സാഹചര്യമാണുള്ളതെന്നും രക്ഷാകര്‍തൃസമിതി കുറ്റപ്പെടുത്തി.

ഇതു മൂലം ആവശ്യമായ ഇടപെടലുകളോ , വാഹന സൗകര്യമോ ലഭിക്കാതെ കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകാത്ത അവസ്ഥയുണ്ടാകുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദ്യാവാഹിനി സൗകര്യമുള്ള വിദ്യാലയം തൊട്ടടുത്തുള്ളപ്പോഴാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്.

എയ്ഡഡ് ,സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം തികച്ച്, തസ്തിക ഉറപ്പാക്കുന്നതിനും മറ്റു കാര്യസാധ്യതകള്‍ക്കും വേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാമൂഹികപരമായും, വിദ്യാഭ്യാസപരമായും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശം നിഷേധിക്കുകയാണ് ചെയ്യുന്നത്.

സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനും പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിനുമായുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി വിദ്യാവാഹിനി പദ്ധതി പ്രകാരം സര്‍ക്കാര്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്യാച്ച്മെന്റ് ഏരിയ നിശ്ചയിക്കപ്പെട്ട സ്‌കൂളുകളിലേക്ക് തന്നെ ടി സി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് നല്‍കണമെന്നാണ് പിറ്റിഎ യുടെ ആവശ്യം.

ഇതുസംബന്ധിച്ച് നീര്‍വാരം ഗവ.സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും
മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫിസര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.

ഈ വിഷയം വയനാട് ജില്ലയിലെ പൊതുവിദ്യാഭ്യാസത്തേയും, പ്രത്യേകിച്ച് പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുന്നതാകയാല്‍, വിഷയം ജില്ലയിലെ ബത്തേരി, വൈത്തിരി പട്ടികവര്‍ഗ ഓഫീസര്‍മാരുടെയും, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.