Listen live radio

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തി കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണം- കെ.സുരേന്ദ്രന്‍

after post image
0

- Advertisement -

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തി കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു മണിക്കൂര്‍ സമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം പാഴാക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം വരാന്‍ ദിവസങ്ങളോളം വൈകുന്ന അവസ്ഥയാണുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജുകളിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജൂലൈ 27നു മുന്നേ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പല മെഡിക്കല്‍ കോളേജുകളിലും ഇതിനുള്ള സംവിധാനമില്ല.
ടെസ്റ്റ് ചെയ്യാന്‍ താമസിക്കുന്നതാണ് കേരളത്തിലെ സാമൂഹിക വ്യാപനത്തിന് പ്രധാനകാരണം. സ്വകാര്യ ലാബിലെ ടെസ്റ്റിംഗ് ചെലവ് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ ടെസ്റ്റിംഗ് ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുകയോ കൂടുതല്‍ ടെസ്റ്റിംഗ് സൗകര്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണം. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സേതു ആപ്പ് ഉപയോഗം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.