Kerala

‘എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്’;കരഞ്ഞുകൊണ്ട് വീഡിയോ;യുവതി മരിച്ചത് മോഷണം ആരോപിച്ച് അപമാനിച്ചതിനാൽ

കാസർകോട്: യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരേയും അയൽവീട്ടുകാർക്കെതിരേയും പോലീസിനെതിരേയും ആരോപണം. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ ജസീല(24)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്താണ് ജസീല ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജീവനൊടുക്കുന്നതിന് മുൻപ് ഇതേകാര്യം വിശദീകരിച്ചുള്ള ഒരു വീഡിയോയും ജസീല ചിത്രീകരിച്ചിരുന്നു. ഈ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അടുത്തിടെ ജസീലയുടെ ഭർതൃവീടിന് സമീപത്തെ വീട്ടിൽ വിവാഹം നടന്നിരുന്നു. വിവാഹാഘോഷത്തിനിടെ ഇവിടെനിന്ന് ഒരു സ്വർണമാല മോഷണംപോയെന്ന പരാതിയുയർന്നു. ഇതിന് പിന്നിൽ ജസീലയാണെന്നായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ഈ വിഷയത്തിൽ ജസീലയെ ചോദ്യംചെയ്യാനും വിളിപ്പിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ ജസീലയ്ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. മാത്രമല്ല, മാലമോഷണത്തിൽ ആദൂർ പോലീസ് കേസും രജിസ്റ്റർചെയ്തിരുന്നില്ലെന്നാണ് വിവരം.വനിതാ പോലീസുകാർ ഇല്ലാതെയാണ് ജസീലയെ പോലീസ് ചോദ്യംചെയ്തതെന്നും ആരോപണമുണ്ട്. പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ജസീല ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്.അതിനിടെ, വിഷം കഴിക്കുന്നതിന് മുൻപ് ജസീല മൊബൈൽഫോണിൽ ചിത്രീകരിച്ച വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പക്ഷേ, ആരും തന്നെ വിശ്വസിക്കുന്നില്ലെന്നുമാണ് വീഡിയോയിൽ ജസീല പറയുന്നത്. സത്യം ഒരുദിവസം തെളിയുമെന്ന വിശ്വാസത്തോടെ താൻ പോവുകയാണെന്നും വീഡിയോയിൽ പറയുന്നു.

‘ഞാൻ എന്തായാലും ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറേ അനുഭവിക്കുന്നുണ്ട്. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോൾഡ് മിസായിട്ടുണ്ട്. അത് ഞാൻ എടുത്തെന്നാണ് പറയുന്നത്. ഞാൻ എടുത്തിട്ടുപോലുമില്ല. എനിക്ക് അറിയത്തുപോലുമില്ല അങ്ങനെയൊരു സാധനമുള്ളത്. സത്യം ആരും വിശ്വസിക്കുന്നില്ല. ഞാൻ രേഖാമൂലം പരാതി കൊടുക്കാമെന്ന് വിചാരിച്ചപ്പോൾ ആദൂർ പോലീസ് സ്‌റ്റേഷനിലെ ആൾക്കാർ അതിന് സമ്മതിക്കുന്നുമില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഇവരൊക്കെയാണ്. എന്റെ ഭർത്താവും ഉണ്ട് ഇതിൽ പങ്കാളിയായിട്ട്. ഭർത്താവിന്റെ ഉമ്മയും ഉണ്ട്. ഞാൻ അധികം ജീവിച്ചിരിക്കില്ല. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്. സത്യം ഒരുദിവസം തെളിയുമെന്ന വിശ്വാസത്തോടെ ഞാൻ പോവുകയാണ്”, ജസീല വീഡിയോയിൽ പറഞ്ഞു.യുവതിയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരേയും അയൽവീട്ടുകാർക്കെതിരേയും ആദൂർ പോലീസിനെതിരേയും കുടുംബം പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ മരണമൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിവരികയാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.