Listen live radio

ആരോഗ്യ ജാഗ്രതയില്‍ ചൊവ്വ ആരംഭിക്കും

after post image
0

- Advertisement -

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട പരീക്ഷകള്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ചൊവ്വ ആരംഭിക്കും. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നിര്‍വഹിച്ചിട്ടുള്ളതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 91 സ്‌കൂളുകളാണ് ജില്ലയില്‍ പരീക്ഷാ കേന്ദ്രങ്ങളാവുന്നത്. ഇവിടങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ആരോഗ്യ പ്രവര്‍ത്തകരെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഒരു സ്‌കൂളില്‍ രണ്ട് വീതം ആരോഗ്യ പ്രവര്‍ത്തകരെയാണ് നിയോഗിക്കുക. ആശ വര്‍ക്കര്‍മാര്‍, ജെ.എച്ച്.ഐ.മാര്‍ എന്നിവരെ ഇതിനായി ഉപയോഗപ്പെടുത്തും.
വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തുന്നതിനായി ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി., വിവിധ സ്‌കൂള്‍ ബസുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കും. സ്‌കൂളിന്റെ സ്‌പെഷ്യല്‍ ഫണ്ട് ഉപയോഗിച്ച് ചെറു വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് 134 കുട്ടികള്‍ പരീക്ഷ എഴുതാന്‍ എത്തുന്നുണ്ട്. തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 43 കുട്ടികളും പരീക്ഷ എഴുതും. ഇവര്‍ക്ക് പ്രത്യേകം വാഹന സൗകര്യം ഒരുക്കും.
ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ട 15 കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേകം ക്ലാസ് റൂമുകള്‍ സജ്ജീകരിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക ശ്രദ്ധയും ഇവര്‍ക്ക് വേണ്ടി ഉണ്ടാവും. വിദ്യാര്‍ത്ഥികളെ പനി പരിശോധനക്ക് വിധേയരാക്കിയാണ് സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുക. 91 തെര്‍മല്‍ സ്‌കാനറുകള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 33000 മാസ്‌കുകളും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നല്‍കി.
യോഗത്തില്‍ എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍.ഇളങ്കോ, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജീഷ്, ഇ.മുഹമ്മദ് യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ആര്‍.രേണുക, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.കവിത, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.