Listen live radio

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും

after post image
0

- Advertisement -

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായി മാറും.
പിന്നീടുള്ള 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. ഇത് വടക്ക് ദിശയില്‍ മഹാരാഷ്ട്ര-ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ചു ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നാലുമാസം നീളുന്ന മഴക്കാലത്തിന്റെ തുടക്കം കേരളത്തില്‍ നിന്നാണ്. രാജ്യത്തു ലഭിക്കുന്ന മഴയില്‍ 75 ശതമാനവും ഈ കാലത്താണ്. അതേസമയം കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്.

Leave A Reply

Your email address will not be published.