Listen live radio

കോവിഡ് ബാധിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികൾ എത്രകാലം സംരക്ഷണം നൽകും? പഠനം പറയുന്നത് കേൾക്കാം

after post image
0

- Advertisement -

തീവ്രമല്ലാത്ത ലക്ഷണങ്ങളുമായി കോവിഡ് ബാധിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആൻറിബോഡികൾ വീണ്ടുമൊരു കോവിഡ് ബാധയിൽ നിന്ന് അവരെ ആറു മാസം വരെ സംരക്ഷിച്ചു നിർത്തുമെന്ന് പുതിയ പഠനം. മിഷിഗൺ സർവകലാശാല മെഡിക്കൽ സ്‌കൂൾ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ മൈക്രോബയോളജി സ്‌പെക്ട്രം ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

ആർടി-പിസിആർ പരിശോധന വഴി കോവിഡ് സ്ഥിരീകരിച്ച 130 പേരെയാണ് ഗവേഷണത്തിൻറെ ഭാഗമായി നിരീക്ഷണ വിധേയമാക്കിയത്. ഇവരിൽ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ശേഷിക്കുന്നവരെല്ലാം ഔട്ട് പേഷ്യൻറ് വിഭാഗത്തിലാണ് ചികിത്സിക്കപ്പെട്ടത്. തലവേദന, കുളിർ, മണവും രുചിയും നഷ്ടമാകൽ തുടങ്ങിയ ലഘുവായ ലക്ഷണങ്ങൾ മാത്രമേ ഇവർക്ക് കോവിഡിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നുള്ളൂ.

ഇവരിൽ 90 ശതമാനം പേരിലും കൊറോണ വൈറസിനെതിരെയുള്ള ആൻറിബോഡി പ്രതികരണം ഉണ്ടായി. കടുത്ത കോവിഡ് ബാധയുണ്ടായവരിൽ മാത്രമേ ശക്തമായ ആൻറിബോഡി പ്രതികരണമുണ്ടാകൂ എന്ന ധാരണയെ പഠനം തിരുത്തുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയ മിഷിഗൺ മെഡിസിനിലെ അലർജി ആൻഡ് ഇമ്മ്യൂണോളജി അസിസ്റ്റൻറ് പ്രഫസർ ചാൾസ് ഷൂളർ പറഞ്ഞു.

മൂന്നു മുതൽ ആറു മാസം വരെ നീണ്ട നിരീക്ഷണ കാലയളവിൽ 130 പേരിൽ ആർക്കും വീണ്ടും കോവിഡ് വന്നില്ല. മൂന്നാം മാസത്തിലെ ആൻറിബോഡി തോതിലും ആറു മാസത്തിന് ശേഷമുള്ള ആൻറിബോഡി തോതിലും ഗണ്യമായ മാറ്റമില്ലെന്നും ഗവേഷകർ പറയുന്നു. ഒരു വർഷത്തിന് ശേഷം ഇവരുടെ ശരീരത്തിലുള്ള ആൻറി ബോഡി പ്രതികരണം പഠിച്ചു കൊണ്ടിരിക്കുകയാണ് ഗവേഷണ സംഘം ഇപ്പോൾ.
എന്നാൽ ഇത് വാക്‌സീൻ എടുക്കാതിരിക്കാനുള്ള കാരണമല്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വാക്‌സീൻ എടുക്കാത്തവർക്ക് ഒരിക്കൽ കോവിഡ് വന്നാൽ കൂടി വീണ്ടും വൈറസ് പിടിപെടാനുള്ള സാധ്യത വാക്‌സീൻ എടുത്തവരെ അപേക്ഷിച്ച് 2.34 മടങ്ങ് അധികമാണെന്ന് കെൻറക്കിയിൽ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം കോവിഡ് ലഘുവായ ലക്ഷണങ്ങളോട് കൂടി വന്നവരാണെങ്കിലും 90 ദിവസത്തിന് ശേഷമേ വാക്‌സിനേഷൻ എടുക്കാവൂ എന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.