Listen live radio

വയനാടിനെ തൊട്ടറിഞ്ഞ് ഗവർണർ

after post image
0

- Advertisement -

 

കൽപറ്റ: വയനാടൻ മണ്ണിനെ തൊട്ടറിഞ്ഞ് ഗവർണറുടെ സന്ദർശനം. ചൊവ്വാഴ്ച വൈകീട്ട് കൽപറ്റയിലെത്തിയ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ബുധനാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ചു. കൽപ്പറ്റയിലെ അംബേദ്കർ മെമ്മോറിയൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെൻറ് (അമൃദ്), അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയം, തൃശിലേരി നെയ്ത്തുഗ്രാമം, തൃശിലേരി മാനിയിൽ കോളനി എന്നിവിടങ്ങളാണ് അദ്ദേഹം ബുധനാഴ്ച സന്ദർശിച്ചത്. അമൃദിലെ പ്ലാസ്റ്റിക് വെൽഡിങ് യൂണിറ്റ്, ഓഫ്സെറ്റ് പ്രിൻറിങ് പ്രസ്, ബുക്ക് ബൈൻഡിങ് യൂണിറ്റ്, നോട്ട് ബുക്ക് നിർമ്മാണം, ഡ്രസ് സ്റ്റിച്ചിങ് യൂണിറ്റ്, കരകൗശല വസ്തു നിർമ്മാണ യൂണിറ്റ് എന്നിവ വിലയിരുത്തി.

അമ്പലവയൽ പൈതൃക മ്യൂസിയത്തിലെത്തിയ ഗവർണറെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ വരവേറ്റു. ഇന്ത്യൻ ചരിത്രത്തെയും സംസ്‌കൃതിയെയും പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രിയപ്പെട്ട ഇടമാണിതെന്ന് ഹെറിറ്റേജ് മ്യൂസിയത്തിലെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം കുറിച്ചു. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള പഴശ്ശി പോരാട്ടങ്ങളുടെ കഥ പറയുന്ന വീരക്കല്ല്, ഗോത്ര ജനതയുടെ പരമ്പരാഗത ആയുധങ്ങൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങി ഓരോന്നിനെക്കുറിച്ചും ഗവർണർ ചോദിച്ചറിഞ്ഞു. തുടർന്ന് തൃശിലേരി നെയ്ത്തുഗ്രാമത്തിലെത്തിയ ഗവർണർ അവിടത്തെ ഉൽപാദനപ്രകിയകൾ കണ്ടുമനസ്സിലാക്കി.

പിന്നീട് തൃശിലേരി മാനിയിൽ കോളനിയും അദ്ദേഹം സന്ദർശിച്ചു. കലക്ടർ എ. ഗീത, ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ, ഗവർണറുടെ എ.ഡി.സി അരുൾ ആർ.ബി. കൃഷ്ണ, എ.ഡി.എം എൻ.ഐ. ഷാജു, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. മുഹമ്മദ്, ഐ.ടി.ഡി.പി പ്രോജക്ട് ഡയറക്ടർ ചെറിയാൻ, ടി.ഡി.ഒമാരായ സി. ഇസ്മയിൽ, ജി. പ്രമോദ്, അമൃദ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സി. ശിവശങ്കരൻ തുടങ്ങിയവർ ഗവർണറെ അനുഗമിച്ചു. ബുധനാഴ്ച കൽപറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് അദ്ദേഹം താമസിച്ചത്. തൊഴിലാളികൾ തത്സമയം നെയ്‌തെടുത്ത തുണിത്തരങ്ങൾ ഗവർണർക്ക് സമ്മാനിച്ചു. പുൽപള്ളി സീതാദേവി ലവകുശ ക്ഷേത്രത്തിലും സന്ദർശനം നടത്തിയാണ് ഗവർണർ ആദ്യദിനത്തെ സന്ദർശനങ്ങൾ പൂർത്തിയാക്കിയത്.

Leave A Reply

Your email address will not be published.