Listen live radio

കോളേജുകൾ നാളെ മുതൽ സമ്പൂർണ അധ്യയനത്തിലേക്ക്

after post image
0

- Advertisement -

 

തിരുവനന്തപുരം: ഒന്നരവർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച മുതൽ സമ്പൂർണ അധ്യയനത്തിലേക്ക്. ഒക്‌ടോബർ നാലുമുതൽ പി.ജി വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും ക്ലാസ് തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായി ഒക്‌ടോബർ 18 മുതൽ അവശേഷിക്കുന്ന ബിരുദ ക്ലാസുകൾ കൂടി തുടങ്ങാനായിരുന്നു തീരുമാനം. മഴക്കെടുതിയെ തുടർന്ന് സമ്പൂർണ അധ്യയനം തുടങ്ങുന്നത് 25ലേക്ക് മാറ്റുകയായിരുന്നു.

പി.ജി ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെ ഉൾപ്പെടുത്തിയും ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് സർക്കാർ ഉത്തരവ്. ക്ലാസുകൾ ഒറ്റ സെഷനിൽ രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒന്നര വരെ നടത്താം. അല്ലെങ്കിൽ ഒമ്പത് മുതൽ മൂന്നുവരെ/ഒമ്പതര മുതൽ മൂന്നര വരെ/പത്ത് മുതൽ നാലുവരെ സമയക്രമങ്ങളിലൊന്ന് സൗകര്യപൂർവം കോളേജ് കൗൺസിലുകൾക്ക് തെരഞ്ഞെടുക്കാം. എൻജിനീയറിങ് കോളേജുകളിൽ നിലവിലുള്ള രീതിയിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്താം.

വിമുഖത മൂലം വാക്‌സിൻ എടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും കോളേജിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവിലുണ്ട്. 18 വയസ്സ് തികയാത്തതിനാൽ വാക്‌സിനെടുക്കാൻ കഴിയാത്തവരെയും രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കാം. ഇവരുടെ വീടുകളിലെ 18 വയസ്സിന് മുകളിലുള്ളവർ എല്ലാവരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തെന്ന് ഉറപ്പുവരുത്തണം.

 

Leave A Reply

Your email address will not be published.