Listen live radio

രേഖകളില്ലാതെ 1.64 കോടി രൂപ ട്രെയിനിൽ കടത്താൻ ശ്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

after post image
0

- Advertisement -

 

 

പാലക്കാട്: ട്രയിനിൽ കടത്തുകയായിരുന്ന രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപ ആർപിഎഫ് ക്രൈം ഇന്റലിജൻസ് പിടികൂടി.സംഭവത്തിൽ ഹൈദാരാബാദ് സ്വദേശികളായ രണ്ടു പേർ അറസ്റ്റിലായി. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവർ പിടിയിലായത്. ശബരി എക്സ്പ്രസിൽ കടത്തുകയായിരുന്ന ഒരുകോടി അറുപത്തിനാലു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ് പിടികൂടിയത്.

നാലു ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഗുണ്ടൂരിൽ നിന്നും ഷൊർണൂരിലേക്കാണ് പ്രതികളായ രാഘവേന്ദ്ര (40), അഹമ്മദ് (38) എന്നിവർ ടിക്കറ്റെടുത്തത്. സ്വർണം വാങ്ങാനായി കൊണ്ടുവന്ന പണമെന്നാണ് പ്രതികൾ നൽകിയ മൊഴി. ഷൊർണൂരിൽവച്ച് സ്വർണം കൈമാറുമെന്നായിരുന്നു സന്ദേശമെന്നും പ്രതികൾ പറഞ്ഞു. ആരാണ് പണം കൊടുത്തയച്ചത്, ആർക്കെത്തിക്കാനാണ് എന്നീ കാര്യങ്ങൾ തുടരന്വേഷണത്തിൽ വ്യക്തമാക്കുമെന്ന് ആർപിഎഫ് ക്രൈം ഇന്റലിജൻസ് അറിയിച്ചു. കേസ് ആദായ നികുതി വകുപ്പിന് കൈമാറി.

കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ പാലക്കാട് ആർപിഎഫ് ഇന്റലിജന്റ് ബ്രാഞ്ച് മൂന്ന് കേസുകളിലായി 2.21 കോടി രൂപയാണ് ട്രെയിനിൽ നിന്ന് പിടികൂടിയത്. വിവിധ കേസുകളിൽ അഞ്ച് പേർ അറസ്റ്റിലായി. ആർപിഎഫ് കമാൻഡന്റ് ജതിൻ ബി രാജിന്റെ നിർദേശപ്രകാരം എസ്ഐ എപി അജിത് അശോക്, എഎസ്ഐമാരായ സജു, സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ എൻ അശോക്, കോൺസ്റ്റബിൾമാരായ വി സവിൻ, അബ്ദുൽ സത്താർ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.