Listen live radio

പരസ്യമായി മാപ്പ് പറഞ്ഞാൽ ഒത്തുതീർപ്പ്, അധിക്ഷേപ പരാമർശങ്ങളും പിൻവലിക്കണം; വ്യവസ്ഥ വച്ച് ജോജു

after post image
0

- Advertisement -

 

വാഹനം തകർത്ത കേസിൽ കോൺഗ്രസിന് മുന്നിൽ ഒത്തുതീർപ്പ് വ്യവസ്ഥ വച്ച് നടൻ ജോജു ജോർജിന്റെ അഭിഭാഷകൻ. കോൺഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകൻ നൽകിയത്.

ജോജുവിനെതിരെ നേതാക്കളും പ്രവർത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണം. നേതാക്കൾ നടത്തിയ വ്യക്തിപരമായ പരാമർശങ്ങളും പിൻവലിക്കണം. പൊതുജനമധ്യത്തിൽ ആരോപിച്ച കാര്യങ്ങൾ പൊതുമധ്യത്തിൽ തന്നെ പ്രസ്താവനയിലൂടെ പിൻവലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്. വിഷയത്തിൽ നേതാക്കൾ ഒത്തുതീർപ്പിനായി സമീപിച്ചിരുന്നെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വ്യക്തിപരമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങൾ പിൻവലിച്ചാൽ ഒത്തുതീർപ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം, ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പ്രതിയായ ജോസഫിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. കേസിൽ കക്ഷി ചേരണമെന്ന ജോജുവിന്റെ ഹർജിയിലും തീരുമാനം നാളെയുണ്ടാകും. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ജോസഫിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി കോടതിയിൽ വാദിച്ചിരുന്നു. സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെയായിരുന്നു കോൺഗ്രസ് സമരം. റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്ന് നൽകണമെന്ന് പറഞ്ഞതിനായിരുന്നു ആക്രമണമെന്ന് ജോജുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതിഷേധത്തിന്റെ മറവിൽ രണ്ടു മണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചതായും ജോജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

എന്നാൽ ഗതാഗത തടസമുണ്ടായെങ്കിൽ അക്കാര്യം പൊലീസിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നാണ് പ്രതിഭാഗം വാദിച്ചത്. കോൺഗ്രസ് പ്രവർത്തകനായ ജോസഫ് അക്രമം നടത്തിയെന്നതിന് തെളിവില്ല. ജാമ്യം നൽകിയാൽ പ്രതി തെളിവു നശിപ്പിക്കുമെന്ന് പറയുന്നതിൽ യുക്തിയില്ല. കോൺഗ്രസിന്റെ താഴെ തട്ടിലുള്ള പ്രവർത്തകൻ മാത്രമാണ് ജോസഫ്. തെളിവു നശിപ്പിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ പുറത്ത് ധാരാളം നേതാക്കളില്ലേയെന്നും പിന്നെന്തിന് ജോസഫിനെ ജയിലിലിടണമെന്നും പ്രതിഭാഗം ചോദിച്ചു.

Leave A Reply

Your email address will not be published.