Listen live radio

മരക്കാർ മാത്രമല്ല, ബ്രോ ഡാഡി, എലോൺ, 12ത്ത് മാൻ എല്ലാം ഒടിടിയിലേക്കെന്ന് ആൻറണി പെരുമ്പാവൂർ

after post image
0

- Advertisement -

മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന അഞ്ച് ചിത്രങ്ങൾ ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ. സിനിമാ മേഖലയിൽ ഏറെ ചർച്ചകൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും വഴിവച്ച ‘മരക്കാർ’ സിനിമയുടെ ഒടിടി റിലീസ് സ്ഥിരീകരിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ആൻറണി പെരുമ്പാവൂർ മറ്റു സിനിമകളുടെ റിലീസ് സംബന്ധിച്ച തീരുമാനവും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ കൂടാതെ പൃഥ്വിരാജിൻറെ ബ്രോ ഡാഡി, ജീത്തു ജോസഫിൻറെ 12ത്ത് മാൻ, ഷാജി കൈലാസിൻറെ എലോൺ, കൂടാതെ ‘പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആൻറണി അറിയിച്ചു.

‘ഇപ്പോഴത്തെ നിലപാടിലാണല്ലോ കാര്യം. ഇപ്പോഴത്തെ നിലപാട് അനുസരിച്ച് ആശിർവാദ് സിനിമാസ് ഇതിനകം പൂർത്തിയാക്കിയിരിക്കുന്ന ചിത്രങ്ങളും ഇനി ചെയ്യാനിരിക്കുന്ന ചിത്രങ്ങളും ഒടിടിയിലേക്കാണ്’, ആൻറണി പറഞ്ഞു. എന്നാൽ ആശിർവാദിനെപ്പോലെ ഒരുകമ്പനിക്കും മോഹൻലാലിനും കൊവിഡിൽ പ്രയാസം അനുഭവിക്കുന്ന തിയറ്റർ മേഖലയോട് ഒരു ധാർമ്മികതയില്ലേ എന്ന ചോദ്യത്തിന് ‘ആ തീരുമാനങ്ങൾ’ മാറ്റാൻ സമയമുണ്ടല്ലോ എന്നായിരുന്നു ആൻറണി പെരുമ്പാവൂരിൻറെ മറുപടി. ‘ആർക്കെങ്കിലും മാറ്റാൻ ആഗ്രഹമുണ്ടെങ്കിൽ’, ആൻറണി പറഞ്ഞു.

ഫിയോക് തന്നെ കുറ്റപ്പെടുത്തുന്നത് എന്ത് കാരണത്താലാണെന്ന് മനസിലാവുന്നില്ലെന്ന് ആൻറണ് പറഞ്ഞു. ‘കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്തിരുന്നത്. അതനുസരിച്ച് ഫിയോകുമായി ചേർന്ന് തിയറ്റർ ഉടമകളുടെ ഒരു യോഗം ചേർന്നിരുന്നു. കേരളത്തിലെ മുഴുവൻ തിയറ്ററുകളിലും മരക്കാർ റിലീസ് ചെയ്യണമെന്നും 21 ദിവസത്തെ ഫ്രീ-റൺ നൽകണമെന്നുമായിരുന്നു ഞങ്ങളുടെ ആവശ്യം.

എന്നാൽ ഒരു എഗ്രിമെൻറ് പ്രകാരമേ കാര്യങ്ങൾ നീക്കാവൂ എന്ന് ഫിയോക് പറഞ്ഞതനുസരിച്ച് 220-230 തിയറ്ററുകാർക്ക് എൻറെ ഓഫീസിൽ നിന്ന് എഗ്രിമെൻറുകൾ അയച്ചു. എന്നാൽ 89 തിയറ്ററുകളുടെ എഗ്രിമെൻറുകൾ മാത്രമാണ് പടം കളിക്കാം എന്നറിയിച്ച് എനിക്ക് ലഭിച്ചത്. ആ സമയത്തുതന്നെ എനിക്ക് മനസിലായി എല്ലാവരുടെയും പിന്തുണ ഇല്ല എന്നത്. മറ്റു സിനിമകളും വരുന്നതിനാൽ എഗ്രിമെൻറ് പറ്റില്ലെന്നാണ് മറ്റു തിയറ്ററുകാർ പറഞ്ഞത്’, അതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ആൻറണി പറഞ്ഞു. ‘തിയറ്ററുകാർ ആശിർവാദിനെ എല്ലാക്കാലത്തും പിന്തുണച്ചിട്ടുണ്ട്. കൊവിഡിനു മുൻപ് റിലീസ് ചെയ്യാനിരുന്ന സിനിമയാണ് മരക്കാർ. ആ കാലത്ത് ഞാൻ നാല് സിനിമകൾ പ്രഖ്യാപിച്ചിരുന്നു. ബറോസ്, (അമ്മ) അസോസിയേഷനുമായി ചേർന്ന് ചെയ്യാനിരിക്കുന്ന സിനിമ, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോക്‌സിംഗ് ചിത്രം, എമ്പുരാൻ. ഇതിൽ ഏതെങ്കിലും സിനിമയ്ക്ക് ഞാൻ ഒടിടിയുമായി കരാർ ഉണ്ടാക്കിയോ’, ആൻറണി ചോദിക്കുന്നു.

 

Leave A Reply

Your email address will not be published.