Listen live radio

മാറ്റി നിർത്തൽ പോരാ, അധ്യാപകനെ പുറത്താക്കും വരെ സമരമെന്ന് എംജി യൂണിവേഴ്‌സിറ്റിയിലെ ദളിത് ഗവേഷക

after post image
0

- Advertisement -

കോട്ടയം: എംജി സർവകലാശാലയിലെ ദളിത് ഗവേഷകയുടെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. നാനോ സയൻസസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോക്ടർ നന്ദകുമാർ കളരിക്കൽ മാറ്റിയതിനാൽ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആർ.ബിന്ദു ഇന്നലെ രാത്രി വീണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയനായ അധ്യാപകനെ നാനോ സയൻസസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ഗവേഷക.

വിസിയും നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവർത്തിച്ചതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും ഗവേഷക പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ കോട്ടയത്തുള്ള ഗവർണർക്ക് പരാതി നൽകാൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. അതിനിടെ സമരത്തിന് പിന്തുണ കൂടുകയാണ്. ഇന്നലെ രാത്രി ആർഎംപി നേതാവ് കെകെ രമ സമരപ്പന്തലിലെത്തി. വിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുമെന്ന് രമ പറഞ്ഞു.

അതേ സമയം ഗവേഷക വിദ്യാർത്ഥി ജാതി വിവേചന പരാതി ഉന്നയിച്ച എം ജി സർവകലാശാലയിലെ അധ്യപകനെ മാറ്റി. നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വകുപ്പ് മേധാവി നന്ദകുമാർ കളരിക്കലിനെയാണ് മാറ്റിയത്. ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. നാനോ സയൻസ് ഡിപ്പാർട്ട്‌മെൻറ് ചുമതല വിസി ഏറ്റെടുത്തു. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. കോട്ടയം ഗസ്റ്റ് ഹൗസിൽ വച്ച് എംജി സർവകലാശാല വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഗവേഷകയുടെ വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളും ഗവർണറെ അറിയിച്ചു.

അതേ സമയം നന്ദകുമാർ കളരിക്കലിനെതിരെയുള്ള സർവകലാശാലയുടെ നടപടി കണ്ണിൽ പൊടിയിടാനുള്ളത് മാത്രമാണെന്നും സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് ഗവേഷക വിദ്യാർഥിനി പ്രതികരിച്ചു. നന്ദകുമാറിനെ വകുപ്പിൽ നിന്നും പിരിച്ചു വിടണമെന്നാണ് തന്റെ ആവശ്യം. സർവകലാശാല വൈസ് ചാൻസിലർ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണം. ഇക്കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

നന്ദകുമാറിനെതിരെ ദുരുതര ആരോപണങ്ങളാണ് സർവ്വകലാശാലയിൽ സമരം നടത്തുന്ന ദളിത് ഗവേഷക ഉന്നയിച്ചിരുന്നത്. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിൻറെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥി ദീപയുടെ പരാതി.

 

Leave A Reply

Your email address will not be published.