Listen live radio

കോവിഡ് രോഗികളിൽ ഗന്ധവിഭ്രാന്തി; പ്രത്യേക രുചിയോടും ഗന്ധത്തോടും മനംപിരട്ടലും ശ്വാസംമുട്ടലും തോന്നുന്ന ‘പരോസ്മിയ’ കൂടി വരുന്നു

after post image
0

- Advertisement -

 

 

 

തൃശൂർ: കോവിഡ് രോഗികളിൽ ഗന്ധവും രുചിയും നഷ്ടപ്പെടുന്നത് സാധാരണം. എന്നാൽ, പ്രത്യേക രുചിയോടും ഗന്ധത്തോടും മനംപിരട്ടലും ശ്വാസംമുട്ടലും തോന്നുന്ന കോവിഡ് രോഗികൾ കേരളത്തിലും കൂടുന്നു.

യഥാർഥ ഗന്ധത്തിന് പകരം ദുസ്സഹമായ ഗന്ധം അനുഭവപ്പെടുന്ന ‘പരോസ്മിയ’ എന്ന അവസ്ഥ വിശേഷമാണ് രോഗികളോടൊപ്പം കൂടുന്നത്. അത്ര സാധാരണമല്ലെങ്കിലും മറ്റ് രാജ്യങ്ങളിലെ പോലെ കേരളത്തിലും ഈ അവസ്ഥ അനുഭവിക്കുന്നവർ ഏറെയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

തലച്ചോറിൽനിന്ന് മൂക്കിലേക്കുള്ള നാഡീ ഞരമ്പുകളിലെ കോശങ്ങളെ ബാധിക്കുന്നതിനാലാണ് കോവിഡ് രോഗികൾക്ക് ഗന്ധം നഷ്ടമാകുന്നത്. നാഡീ ഞരമ്പുകളുടെ പ്രവർത്തനം താൽക്കാലികമായി ഇല്ലാതാക്കുന്ന ‘അനോസ്മിയ’ എന്ന ഈ അവസ്ഥ ഭൂരിഭാഗം രോഗികൾക്കുമുണ്ട്. പുതിയ കോശങ്ങൾ ഉൽപാദിപ്പിക്കുമ്പോൾ ഗന്ധം സാധാരണ അവസ്ഥയിലേക്ക് മടങ്ങാറുണ്ട്. എന്നാൽ, മൂക്കിലേക്കുള്ള നാഡീ ഞരമ്പുകളുടെ പ്രവർത്തനം തകിടം മറിയുമ്പോഴാണ് ‘പരോസ്മിയ’ ഉണ്ടാകുന്നത്.

പല ഗന്ധങ്ങളും അസ്വസ്ഥതക്ക് കാരണമാകുന്നു. ഉള്ളി, സവാള, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത വിഭവങ്ങളും മാംസം, മുട്ട, അരി എന്നിവയും അസ്വസ്ഥതയുണ്ടാക്കുന്നു. ഇവക്ക് ചീമുട്ടയുടെയും ചീഞ്ഞ മാംസത്തിന്റെയും അമോണിയയുടെയും മണമായാണ് പലർക്കും അനുഭവപ്പെടുക.

ശ്വാസകോശ അണുബാധ, ബ്രെയിൻ ട്യൂമർ, അപസ്മാര രോഗമുള്ളവരിലാണ് പരോസ്മിയ കണ്ടുവരാറ്. കോവിഡ് ലക്ഷണമായി പരോസ്മിയ മിക്ക രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മുക്തരായി മൂന്നു മാസം കഴിയുമ്പോൾ പരോസ്മിയ ബാധിച്ചവർക്കും സാധാരണ ഗന്ധം തിരിച്ചു കിട്ടിയിട്ടുണ്ട്. ചിലർക്ക് മാറാൻ കൂടുതൽ സമയമെടുക്കുന്നു. നഷ്ടമായ ഗന്ധത്തെ ശരിയായി അനുഭവവേദ്യമാകാൻ മസ്തിഷ്‌കത്തെ പഠിപ്പിക്കുകയാണ് പഴയ അവസ്ഥയിലെത്താനുള്ള മാർഗം. വേർതിരിച്ച് മണം പരിശോധിച്ച് മസ്തിഷ്‌കത്തിലെ സ്വീകരണികളെ ഉത്തേജിപ്പിക്കാനുള്ള വഴികളും ചില ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. മറ്റ് മരുന്നുകളൊന്നും പരിഹാരമായി ഇല്ല.

 

Leave A Reply

Your email address will not be published.