Listen live radio

വയനാടൻ കളരിയുടെ വിജയമന്ത്രം

എഴുത്ത് :തോമസ് ഗുരുക്കൾ

after post image
0

- Advertisement -

കടത്തനാടിന്റെ മണ്ണിൽ കളരിപ്പയറ്റിന്  പേരും പെരുമയും ഉള്ള കാലം മുതൽ തന്നെ വയനാട്ടിൽ കളരിപ്പയറ്റിന് വളരെയധികം പ്രചാരമുണ്ടായിരുന്നു. വടക്കൻപാട്ടുകളിൽ പരാമർശിക്കുന്ന വയനാടൻ കേളു തികഞ്ഞൊരു കളരിപ്പയറ്റ് അഭ്യാസി ആയിരുന്നു. തച്ചോളി ഒതേനനും, ചാപ്പനുംവയനാടൻ കേളുവിന്റെ കോട്ടയിൽ എത്തി മരുമകൻ ചന്തുവിനെ അവിടെനിന്ന് മോചിപ്പിച്ച വീര കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ വയനാടിന് കളരിപ്പയറ്റിനോട് നൂറ്റാണ്ടുകള്‍ക്ക് മുമ്പേയുള്ള ബന്ധം കാണാൻ സാധിക്കും.

1962 കാലഘട്ടത്തിൽ വടകര കടത്തനാടൻ കളരി സംഘത്തിൽ നിന്നും വയനാട്ടിലെത്തിയ ശ്രീ വി. ശ്രീനിവാസൻ ഗുരുക്കൾ വയനാടിൻറെ വിവിധ ഭാഗങ്ങളിൽ കളരിപ്പയറ്റ് പരിശീലിപ്പിച്ചിരുന്നു. 1970കളിൽ ശ്രീനിവാസൻ ഗുരുക്കളുടെ ശിഷ്യന്മാരിൽ ഒരാളായി പതിനാറാം വയസ്സിലാണ് ശ്രീ എം എ വിജയൻ ഗുരുക്കൾ കളരിപ്പയറ്റ് പരിശീലനം ആരംഭിക്കുന്നത്. തുടർന്നങ്ങോട്ട് നീണ്ട വർഷ കാലങ്ങളോളം ശ്രീനിവാസൻ ഗുരുക്കളുടെ നിഴലായി കളരിപ്പയറ്റ് പരിശീലനവും കളരി ചികിത്സയും ഒക്കെയായി ജീവിതത്തിന്റെ മുഴുവന്‍ സമയവും മാറ്റിവച്ച അദ്ദേഹം തികഞ്ഞൊരു അഭ്യാസിയും ഗുരുക്കളും ആയി അദ്ദേഹം കാലക്രമത്തില്‍ മാറുകയായിരുന്നു.

പിന്നീട് വടകര വി. പി. രാഘവന്‍ ഗുരുക്കള്‍, വളപ്പില്‍ കരുണന്‍ ഗുരുക്കള്‍ എന്നിവരില്‍ നിന്നും കളരി പരിശീലിച്ചിട്ടുണ്ട്.കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി കളരിയെ ഒരു ജീവിത വ്രതമായി കൊണ്ടു പോവുകയാണ് ശ്രീ വിജയൻ ഗുരുക്കൾ. ഇതിനിടയിൽ വയനാട്ടിലെ നിരവധി സ്ഥലങ്ങളിൽ കളരി പഠിപ്പിക്കുകയും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ആചാര്യനായി വളരുകയായിരുന്നു
കളരിപ്പയറ്റിൽ മാത്രമല്ല ആദ്ധ്യാത്മിക മേഖലയിലും അതീവ തല്പരൻ ആണ് വിജയന്‍ ഗുരുക്കള്‍.

ഇപ്പോൾ അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത് കേരള സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ‘ആചാര്യ’ പുരസ്കാരമാണ്. തികച്ചും അർഹിക്കുന്ന അംഗീകാരം നേടാനായതിൽ അദ്ദേഹത്തിൻറെ ശിഷ്യഗണങ്ങളും സുഹൃത്തുക്കളും നാട്ടുകാരും വളരെ ആഹ്ലാദത്തിലാണ്. വയനാട് ജില്ലയിൽ മൂന്ന്കളരികളും വിജയൻ ഗുരുക്കളുടെ കീഴിൽ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ 22 വർഷക്കാലമായി കമ്മനയിൽ പ്രവർത്തിക്കുന്ന കടത്തനാടൻ കളരി സംഘത്തിൻറെ സ്ഥാപകൻ വിജയൻ ഗുരുക്കളാണ്.അമ്പലവയലിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിക്കുന്ന കളരിയും, പീച്ചങ്കോട് കരിങ്ങാലി യിൽ സ്വന്തം വീട്ടുവളപ്പിൽ നടത്തുന്ന കടത്തനാടൻ കളരി സംഘത്തിൻറെ പ്രധാന ഗുരുക്കൾ ആയി അറുപത്തിയാറാം വയസിലും അദ്ദേഹം സജീവമാണ്.

സ്ത്രീസുരക്ഷ അടക്കമുള്ള സ്വയം പ്രതിരോധത്തിന് വളരെയധികം പ്രാധാന്യമുള്ള ഇന്നത്തെ കാലഘട്ടത്തില്‍ കളരിപ്പയറ്റിന്റെ പ്രസക്തി വളരെയധികമാണ്. സ്ത്രീകൾക്ക് ആത്മരക്ഷ യിൽ ഊന്നിയ പരിശീലനം കളരിപ്പയറ്റ് ലൂടെ സാധ്യമാവുന്നു എന്ന് മാത്രമല്ല ജീവിത വിജയത്തിന് ആവശ്യമായ ആത്മവിശ്വാസം നൽകുന്നു എന്നതാണ് പ്രധാനം.

വയനാട്ടില്‍ കടത്തനാടൻ കളരി സംഘത്തില്‍ ഏകദേശം അമ്പതിലധികം പെൺകുട്ടികൾ കളരിപ്പയറ്റ് പരിശീലിക്കുന്നു എന്നത് ശ്രദ്ധേയമാണ് കടത്തനാടൻ കളരി സംഘത്തിൻറെ നേതൃത്വത്തിൽ സ്ത്രീ ശക്തീകരണം സ്വയംരക്ഷ എന്നീ വിഷയങ്ങളിൽ ഊന്നി വിവിധയിടങ്ങളിൽ കളരിപ്പയറ്റ് വർക് ഷോപ്പ് നടത്തിവരുന്നുണ്ട്

മാറുന്ന കാലഘട്ടത്തിൽ ജീവിതശൈലീ രോഗങ്ങളിൽ വശംകെട്ടു നിൽക്കുമ്പോൾ കളരിപ്പയറ്റ് പരിശീലനം നൽകുന്നത് വളരെ വലിയ ആത്മവിശ്വാസമാണ്. കളരിയിലെ ശാസ്ത്രീയവും ചിട്ടയുമായ വ്യായാമങ്ങളും പയറ്റുകളും ഇതിനെ ഏതു പ്രായത്തിലും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

അമിത ശരീര ഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് യാതൊരു പാർശ്വഫലങ്ങളും കൂടാതെ ശരീരത്തിൻറെ കായികശേഷി വീണ്ടെടുത്തു കൊണ്ട് ശരീരഭാരം കുറച്ചു കൊണ്ടുവരാൻ കളരിപ്പയറ്റിലെ കൃത്യതയോടെ ഉള്ള പരിശീലനം വളരെ ഫലപ്രദമാണ്.

വ്യായാമങ്ങൾ ക്കും കായികാദ്ധ്വാനം കൾക്കും വിമുഖത കാണിക്കുന്ന പുതിയ കാലഘട്ടത്തിൽ വിജയൻ ഗുരുക്കളെ പോലെയുള്ള ആചാര്യൻമാരുടെ സേവനം നാടിന് ആവശ്യമാണ്. ആരോഗ്യമുള്ള ഒരു തലമുറയെ സമൂഹത്തിലുണ്ടാക്കിയ എടുക്കുക എന്ന ലക്ഷ്യത്തോടെ വിജയൻ ഗുരുക്കളും ശിഷ്യന്മാരും ഇനിയും മുന്നോട്ട് യാത്ര തുടരുകയാണ്…

എഴുത്ത്: കെ എഫ് തോമസ് ഗുരുക്കള്‍

Leave A Reply

Your email address will not be published.