Listen live radio

മുൻ മിസ് കേരളയടക്കം മരിച്ച വാഹനാപകടം: ഇന്റലിജൻസ് റിപ്പോർട്ടിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കുരുങ്ങും

after post image
0

- Advertisement -

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവും. അപകടദിവസം ഫോർട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലിൽ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥൻ എത്തിയെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥനെതിരേ നടപടിക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടർച്ചയായുള്ള കൊച്ചി സന്ദർശനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഒക്ടോബർ 31-ന് കൊച്ചിയിൽ എന്തിനാണ് എത്തിയതെന്നടക്കം ഉന്നത ഉദ്യോഗസ്ഥൻ വിശദീകരിക്കേണ്ടിവരും.

അപകടത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥൻ വിളിച്ച് താക്കീത് ചെയ്തിരുന്നു. ഹാർഡ് ഡിസ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണിത്. ഇതോടെ ഹാർഡ് ഡിസ്ക് കണ്ടെത്തുന്നതിൽ പോലീസ് ഉഴപ്പി. ഹാർഡ് ഡിസ്ക് പരിശോധിച്ചാൽ താൻ ഹോട്ടലിൽ എത്തിയ കാര്യം പുറത്തുവരുമെന്ന് ഭയന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ.

ഹോട്ടലുടമ റോയിയും ഉന്നതനും തമ്മിലുള്ള ബന്ധം കൊച്ചിയിലെ പോലീസുദ്യോഗസ്ഥർക്കെല്ലാം അറിയാം. റോയിക്കുള്ള എല്ലാ സൗകര്യവും പോലീസ് ഒരുക്കിനൽകിയത് ഈ ബന്ധം മൂലമായിരുന്നു.

ഉന്നത ഉദ്യോഗസ്ഥന്റെ ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്ന് സൂചനയുണ്ട്. മരട്, നെട്ടൂർ ഭാഗങ്ങളിൽ ബിനാമി പേരിൽ പല ഉന്നത ഉദ്യോഗസ്ഥരും ഭൂമി വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പനങ്ങാട് ചാത്തമ്മ ജങ്ഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ളവർ ചേർന്ന് അടുത്തിടെ ഭൂമി നികത്തിയിരുന്നു. റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ കൊടുത്തെങ്കിലും നികത്തൽ തുടർന്നു. ഉന്നത ഉദ്യോഗസ്ഥന്റെ ബിനാമി ഭൂമിയാണെന്ന് അറിഞ്ഞതോടെ പോലീസ് നടപടിയെടുക്കാതെ മാറിനിന്നു.

മുമ്പ് ഇത്തരത്തിൽ ഈ ഉദ്യോഗസ്ഥനെതിരേ നിരവധി പരാതികൾ ഉയർന്നിരുന്നെങ്കിലും പോലീസ് തലപ്പെത്തെ മറ്റൊരു ഉന്നതന്റെ സംരക്ഷണം ലഭിച്ചിരുന്നു. എന്നാലിപ്പോൾ പോലീസ് തലപ്പത്തുനിന്ന് ഇത്തരം സംരക്ഷണത്തിന് സാധ്യതയില്ലെന്നാണ് സൂചന.

Leave A Reply

Your email address will not be published.