Listen live radio

മുല്ലപ്പെരിയാറിലെ ജലനിരപ്പിൽ നേരിയ കുറവ്; രണ്ട് ഷട്ടറുകൾ അടച്ചു; ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നു

after post image
0

- Advertisement -

 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. ഇതോടെ തുറന്ന ആറ് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ എത്തിയതിന് പിന്നാലെയാണ് നാല് ഷട്ടറുകൾ തുറന്നത്. ഇതോടെ ആറ് ഷട്ടറുകൾ മുപ്പത് സെന്റീ മീറ്റർ വീതം ഉയർത്തുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാവുകയും നീരൊഴുക്ക് കൂടുകയും ചെയ്തതിനെ തുടർന്നായിരുന്നു ഇത്.

ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വർധിച്ചു. 2400.52 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2401 അടിയിലേക്ക് എത്തിയാൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. പരമാവധി വെള്ളം മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനായി ഉപയോഗിക്കുകയാണ്.

മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതിന് എതിരെ കേരളം

കഴിഞ്ഞ ദിവസം ജലനിരപ്പ് 142 അടിയായതോടെ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറന്നിരുന്നു. പെരിയാറിൽ നാലടിയിലേറെ ജലനിരപ്പ് ഉയരുകയും വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകുന്ന സ്ഥിതിയുണ്ടായി. മഞ്ചുമല ആറ്റോരം ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു മുന്നറിയിപ്പില്ലാതെ തമിഴ്നാട് ജലം തുറന്നു വിട്ടതിനെതിരെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ രംഗത്തുവന്നിരുന്നു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിന്റെ പ്രതിഷേധം കേന്ദ്ര ജല കമ്മിഷനെയും മേൽനോട്ട സമിതി ചെയർമാനെയും തമിഴ്നാടിനെയും അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. രാത്രികാലങ്ങളിൽ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണം. ജലനിരപ്പ് 142 അടിയായാൽ പകൽ തന്നെ കൂടുതൽ വെള്ളം തുറന്നു വിടണം.

തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയുമാണ് ഉറപ്പാക്കേണ്ടത്

രാത്രിയിൽ വെള്ളം ഒഴുക്കുന്ന സ്ഥിതി ഒട്ടും ഭൂഷണമല്ല. ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്തു പുതിയ അണക്കെട്ട് നിർമിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്നാടുമായി തർക്കമില്ല. തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയുമാണ് ഉറപ്പാക്കേണ്ടത്. സമുദ്രനിരപ്പിൽനിന്ന് 792.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലെ വാണിങ് ലെവൽ 794.2 അടി ആയിരുന്നു. അത് 794.05 വരെയെത്തി. 795 അടിയാണ് അപകട ലെവൽ. 2018ൽ 797 ആയിരുന്നു ലെവൽ. അത്ര പ്രശ്നമുണ്ടായില്ലെങ്കിലും ഇന്നലെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിനെ ബാധിച്ചു. മന്ത്രി പറഞ്ഞു.

ടണലിൽകൂടി 2300 ക്യുസെക്സ് വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. പുറത്തേക്കു ഒഴുക്കുന്നതു കൂടി കണക്കിലെടുത്താൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഡാമിനു പുറത്തേക്കു പോകുന്നത്. ജലനിരപ്പ് കൂടാത്തതിനാലാകും ഇങ്ങനെ ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു. രാത്രിയിൽ ജലം ഒഴുക്കിവിടാതെ പകൽ ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

Leave A Reply

Your email address will not be published.